ഇന്ത്യയും ചൈനയും എണ്ണ വില വര്‍ധിപ്പിയ്‌ക്കണമെന്ന് അമേരിക്ക
അമോറി (ജപ്പാന്‍): ഇന്ത്യയും ചൈനയും ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ എണ്ണ വില ഇനിയും വര്‍ധിപ്പിയ്‌ക്കണമെന്ന് അമേരിക്ക.
ഈ രാജ്യങ്ങള്‍ എണ്ണ വില വര്‍ധിപ്പിയ്‌ക്കാതെ സബ്‌സിഡി നല്‌കുന്നതാണ് ഉപഭോഗം കൂടാനുള്ള കാരണമെന്നും അമേരിക്ക കുറ്റപ്പെടുത്തി.
എണ്ണ വില അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 139 ഡോളറായി ഉയര്‍ന്ന സാഹചര്യത്തില്‍ ജപ്പാനില്‍ ചേര്‍ന്ന ജി-എട്ട് രാജ്യങ്ങളും പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളും സമ്മേളിച്ച യോഗത്തിലാണ് എണ്ണ വില ഇനിയും കൂട്ടണമെന്ന നിര്‍ദ്ദേശം അമേരിക്ക മുന്നോട്ടു വച്ചത്.
പല രാഷ്ട്രങ്ങളും സബ്‌സിഡി നല്‌കുന്നതു മൂലമാണ് എണ്ണയുടെ ആവശ്യം കുത്തനെ വര്‍ധിയ്‌ക്കുന്നത്. ഇതുടന്‍ നിര്‍ത്തണമെന്ന് അമേരിക്കന്‍ ഊര്‍ജ്ജ സെക്രട്ടറി സാം ബോഡ്‌മാന്‍ പറഞ്ഞു.
അതെ സമയം എണ്ണയ്‌ക്ക് സബ്‌സിഡി നല്‌കുന്നത് ഉടന്‍ ഒഴിവാക്കാന്‍ സാധിയ്‌ക്കില്ലെന്ന് ഇന്ത്യയും ചൈനയും വ്യക്തമാക്കി. നൂറു കോടി ജനങ്ങള്‍ക്ക് സഹായകമാകുന്ന സബ്‌സിഡി ഒഴിവാക്കുന്നത് നടക്കുന്ന കാര്യമല്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി ഹേമന്ത് കൃഷ്‌ണന്‍ സിങ് പറഞ്ഞു.
എണ്ണ വില ഘട്ടം ഘട്ടമായേ വര്‍ധിപ്പിയ്‌ക്കാന്‍ കഴിയൂവെന്നും ചൈന യോഗത്തില്‍ വ്യക്തമാക്കി. എണ്ണയുദ്‌പാദക രാജ്യങ്ങള്‍ കൂടുതല്‍ എണ്ണ ഉത്‌പാദിപ്പിയ്‌ക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കുതിച്ചുയരുന്ന എണ്ണ വില ലോക സമ്പദ് വ്യവസ്ഥയ്‌ക്ക് തന്നെ ഭീഷണിയായ സാഹചര്യത്തിലാണ് ലോകത്തെ പ്രമുഖ എണ്ണ ഉപഭോഗ രാജ്യങ്ങള്‍ യോഗം ചേര്‍ന്നത്.












Click it and Unblock the Notifications