കേരളം അടുത്ത ലക്ഷ്യമെന്ന് ഭീഷണി
കൊച്ചിയിലെ സിനിമാ തിയറ്ററുകള്‍ അടച്ചു
ബോംബ് ഭീഷണിയുണ്ടായ സാഹചര്യത്തില്‍ കൊച്ചി നഗരത്തിലെ സിനിമാ ശാലകള്‍ അടച്ചിടാന്‍ പോലീസ് നിര്‍ദ്ദേശം നല്‌കി. ഉച്ചയ്‌ക്കു ചേര്‍ന്ന ഉന്നത പോലീസ് അധികൃതരുടെ യോഗത്തിലാണ് തിയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനമെടുത്തത്. ഫസ്റ്റ് ഷോയും സെക്കന്‍ഡ് ഷോയും നടത്തരുതെന്നാണ് പോലീസ് നിര്‍ദ്ദേശം നല്‌കിയിരിക്കുന്നത്. പതിവില്ലാത്ത വിധം നഗരത്തില്‍ പോലീസ് സാന്നിധ്യമുണ്ടായതോടെ അവധി ദിവസം നഗരത്തിലിറങ്ങിയ ജനങ്ങള്‍ ഭീതി മൂലം വീടുകളിലേക്ക് തിരിച്ചു പോയി. നഗരത്തിലേക്ക് വരുന്ന ഫോണ്‍ കോളുകളുടെ വിവരം ശേഖരിയ്‌ക്കാനും നിര്‍ദേശം നല്‌കിയിട്ടുണ്ട്. ലോഡ്‌ജുകളിലും ഹോട്ടലുകളിലും മുറിയെടുത്ത് താമസിയ്‌ക്കുന്നവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
6:55 PM
ഫോണ്‍ ഭീഷണി പാകിസ്‌താനില്‍ നിന്ന്
കേരളത്തില്‍ വീണ്ടും ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന് ലഭിച്ച സന്ദേശം പാകിസ്‌താനില്‍ നിന്നാണെന്ന അവകാശവാദം പോലീസ് പരിശോധിയ്‌ക്കുന്നു.
ഞായറാഴ്‌ച ഉച്ച തിരിഞ്ഞ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ടിവി 9 എന്ന ചാനലിന്റെ ഇന്‍പുട്ട് ഡെസ്‌ക്കിലേക്കാണ് പാക്കിസ്‌താനില്‍ നിന്നാണെന്ന് അവകാശപ്പെട്ട് ഫോണ്‍ സന്ദേശം ലഭിച്ചത്.
ഞായറാഴ്‌ച വൈകിട്ട് ഏഴു മണിയ്‌ക്ക് സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പിലുള്ളത്. 091118809 എന്ന നമ്പറില്‍ നിന്നും വിളിച്ചയാള്‍ ഹിന്ദിയിലാണ് മുന്നറിയിപ്പ് നല്‌കിയത്.
6.40PM
കേരളത്തിലും സ്‌ഫോടനമുണ്ടാകാമെന്ന് ഇ-മെയില്‍
തിരുവനന്തപുരം: കേരളത്തിലും സ്ഫോടനം ഉണ്ടാകാമെന്ന് ബാംഗ്ലൂര്‍ പോലീസിന് അജ്ഞാത ഇ-മെയില്‍ സന്ദേശം ലഭിച്ചു. കര്‍ണാടകത്തിനും ഗുജറാത്തിനും ശേഷം കേരളമാണ് അടുത്ത ലക്ഷ്യമെന്ന് സൂചിപ്പിയ്ക്കുന്ന ഇ-മെയില്‍ കര്‍ണാടകയിലെ ഒരുന്നത പോലീസുദ്യോഗസ്ഥനാണ് ലഭിച്ചത്.
ഇതിനിടെ ടിവി9 എന്ന ചാനലിന്റെ ഒരു റിപ്പോര്‍ട്ടര്‍ക്ക് ലഭിച്ച രണ്ട് ഫോണ്‍ കോളുകളിലും ഒരജ്ഞാതന്‍ ഇത്തരത്തിലുള്ള സന്ദേശം നല്‌കിയിട്ടുണ്ട്.
മുജ്ജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയുടെ പ്രതിനിധിയെന്ന് വെളിപ്പെടുത്തിയ ഇയാള്‍ പറഞ്ഞത് ഇങ്ങനെയാണ്. 'മിനിഞ്ഞാന്ന് ബാംഗ്ലൂര്‍, ഇന്നലെ അഹമ്മദാബാദ്, ഇന്ന് കേരളം'!
രണ്ടാമത്തോ ഫോണ്‍ കോളില്‍ സന്ധ്യയ്‌ക്ക് ഏഴു മണിയ്‌ക്കായിരിക്കും സ്‌ഫോടനങ്ങളുണ്ടാകുകയെന്നും ഇയാള്‍ അറിയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നുള്ള കോളായതു കൊണ്ട് ഫോണ്‍ എവിടെ നിന്നാണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.
ഇ-മെയില്‍ സന്ദേശത്തിന്റെ നിജസ്ഥിതിയന്വേഷിയ്‌ക്കാന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഡിജിപിയ്‌ക്ക് നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്. സംസ്ഥാനത്തെങ്ങും സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രി ഡിജിപിയ്‌ക്ക് നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്.
ഏതു സാഹചര്യം നേരിടാനും പോലീസ് സജ്ജമാണെന്നറിയിച്ച കോടിയേരി ബാലകൃഷ്‌ണന്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാകേണ്ട കാര്യമില്ലെന്നും പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഡിജിപി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തു.
അജ്ഞാത സന്ദേശത്തിലിലൂടെ ജനങ്ങളെ ഭീതിയിലാഴ്‌ത്തുകയാണ് ലക്ഷ്യമെന്ന് വിലയിരുത്തലുണ്ടെങ്കിലും സംഭവം അതീവ ഗൗരവമായാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. തിങ്കളാഴ്‌ച ആഭ്യന്തര മന്ത്രി തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications