ഗര്‍ഭിണിയായ പൊലീസുകാരിയെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി
നിലമ്പൂര്‍: പൊലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്ന സഹോദരനെ രക്ഷിക്കാന്‍ ചെന്ന വനിതാ പൊലീസിനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി. പരുക്കേറ്റതിനെത്തുടര്‍ന്ന് നിലമ്പൂര്‍ സ്റ്റേഷനിലെ വനിതാ കോണ്‍സ്‌റ്റബിള്‍ ടി നിഷയെ(31) ചൊവ്വാഴ്‌ച നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഷ അഞ്ചുമാസം ഗര്‍ഭിണിയാണ്.
പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ സഹോദരന്‍ അനീഷിനെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മലപ്പുറം ഐടി മിഷന്‍ കോ-ഓര്‍ഡിനേറ്ററാണ് അനീഷ്. തിങ്കളാഴ്‌ച രാത്രിനിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി മത്തായിയും ഭര്‍ത്താവും 2006ല്‍ നിഷയുടെ സഹോദരന്‍ അനീഷിനെതിരെ കേസ് ഫയല്‍ ചെയ്‌തിരുന്നു. തിങ്കളാഴ്‌ച കേസിനായി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ അനീഷ് തന്നെ അസഭ്യം പറഞ്ഞുവെന്ന് കാണിച്ച് ഡെയ്‌സി നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കി.
ഇതിനെത്തുടര്‍ന്ന് അനീഷിനെ സ്റ്റേഷനിലേയ്‌ക്ക് വിളിപ്പിക്കുകയായിരുന്നു. നാലുമണിയ്‌ക്ക് സ്റ്റേഷനിലേയ്‌ക്ക് ചെന്ന അനീഷ് തിരിച്ചെത്തുന്നതും കാത്ത് ഡ്യൂട്ടിയ്‌ക്കു ശേഷം നിഷ കാത്തുനിന്നു. രാത്രി എട്ടുമണിയായിട്ടും അനീഷ് പുറത്തുവരാഞ്ഞതിനെത്തുടര്‍ന്ന് നിഷയും ഭര്‍ത്താവും അന്വേഷിച്ചുചെന്നു. അപ്പോള്‍ എസ് ഐ സി അലവി അനീഷിനെ മര്‍ദ്ദിക്കുന്നതാണ് കണ്ടത്.
ഇതുകണ്ട് സഹോദരനെ പിടിച്ചുമാറ്റാന്‍ ചെന്ന നിഷയെ എസ്‌ഐ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്‌തുവെന്നാണ് പരാതി. മര്‍ദ്ദനമേറ്റ അനീഷിനെ രാത്രി ഒന്‍പത് മണിയോടെ ആശുപത്രിയിലേയ്‌ക്ക് മാറ്റി. ചൊവ്വാഴ്‌ച പുലര്‍ച്ചെ വയറ്റില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിഷയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടാഴ്‌ച വിശ്രമിക്കണമെന്നാണ് ഡോക്ടര്‍ നിഷയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയത്. ജില്ലാ പൊലീസ് സൂപ്രണ്ടിന് ഇക്കാര്യം കാണിച്ച് നിഷ പരാതി നല്‍കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രിയ്‌ക്കും പരാതി നല്‍കും. എന്നാല്‍ വനിതാ പൊലീസിനേയോ സഹോദരനെയോ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എസ് ഐ അലവി പറയുന്നത്. ചോദ്യം ചെയ്‌തപ്പോള്‍ത്തന്നെ അനീഷ് കുഴഞ്ഞുവീണതുപോലെ അഭിനയിക്കുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.












Click it and Unblock the Notifications