കരുണാകരന്‍ മരിച്ചെന്ന് എസ്‌എംഎസ്; യുവാവ് പിടിയില്‍
തളിപ്പറമ്പ്(കണ്ണൂര്‍): വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ മരിച്ചുവെന്ന് തെറ്റായി മൊബൈല്‍ സന്ദേശം അയച്ച യുവാവ് പിടിയിലായി.
കരുണാകരന്‍ മരിച്ചുവെന്ന എസ്‌എംഎസിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാള്‍തന്നെ കരുണാകരന്‍ പുനര്‍ജനിച്ചെന്ന് വീണ്ടും സന്ദേശങ്ങള്‍ അയച്ചു. മുക്കോല സ്വദേശി എം സുബൈര്‍(24)നെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്.
ബുധനാഴ്‌ച രാവിലെ മുതലാണ് സുബൈറിന്‍റെ ഫോണില്‍ നിന്നും സന്ദേശങ്ങള്‍ വന്നത്. 'ലീഡര്‍ കരുണാകരന്‍ മരിച്ചു'വെന്ന മലയാള വാചകം ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ടൈപ്പ് ചെയ്‌താണ് സന്ദേശം തയ്യാറാക്കിയത്. 89 പേര്‍ക്ക് സുബൈര്‍ ഇത്തരത്തില്‍ എസ്‌എംഎസ് അയച്ചതായി പൊലീസ് കണ്ടെത്തി.
പൊലീസുകാരുടെ ഫോണുകളിലേയ്‌ക്കും ഇയാള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കെപിസിസി അംഗവുമായ കല്ലിങ്കീല്‍ പത്മനാഭന്‍ നല്‍കിയ പരാതിയിന്മേലാണ് പൊലീസ് അന്വേഷണം നടത്തിയത്. മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ടാണ് പൊലീസ് സുബൈറിന്റെ വിലാസം കണ്ടെത്തിയത്.
സുഹൃത്തുക്കള്‍ തന്‍റെ ഫോണില്‍ നിന്നും താനറിയാതെ സന്ദേശം അയയ്‌ക്കുകയായിരുന്നുവെന്നാണ് സുബൈര്‍ പൊലീസിനോട് പറഞ്ഞത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കുവാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് സുബൈറിനെതിരെയുള്ളത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications