അസ്‌ന കേസ്: അഞ്ചാം പ്രതിയ്‌ക്ക് 10 വര്‍ഷം തടവ്
തലശേരി: അസ്‌ന കേസിലെ പതിമൂന്ന് പ്രതികള്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. അഞ്ചാംപ്രതിയ്‌ക്ക് 10 വര്‍ഷവും മറ്റ് 12 പ്രതികള്‍ക്ക് 5 വര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്.
നാരോത്ത് രാമചന്ദ്രനാണ് അഞ്ചാം പ്രതി. ഇയാള്‍ തടവിനൊപ്പം 25,000 രൂപ പിഴയും ഒടുക്കണം. മറ്റുപ്രതികള്‍ തടവനുഭവിക്കുന്നതിനൊപ്പം 5,000 രൂപവീതം പിഴ നല്‍കണം. തലശേരി അതിവേഗ കോടതി(മൂന്ന്) ജസ്റ്റീസ് ബി രാമാന്ദനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 147, 324, 326, 307, വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ അഞ്ചാം പ്രതി സ്‌ഫോടക വസ്‌തു കൈകാര്യം ചെയ്‌തുവെന്ന കാര്യം കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
പ്രതികളില്‍ നിന്നും ഈടാക്കുന്ന തുകയില്‍ രണ്ടു ലക്ഷം രൂപ അസ്‌നയ്‌ക്കും ഒരു ലക്ഷം രൂപ സ്‌ഫോടനത്തില്‍ അസ്‌നയ്‌ക്കൊപ്പം പരുക്കേറ്റ അമ്മ ശാന്തയ്‌ക്കും നല്‍കും.
കേസിലെ 14 പ്രതികളില്‍ 13 പേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിലെ ആറാം പ്രതി പ്രദീപ് ചെറുവാഞ്ചേരിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയുള്ള വിധിയില്‍ സന്തോഷമോ ദുഖമോ തോന്നുന്നില്ലെന്ന് വിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയ അസ്‌ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ വിധി താന്‍ അനുഭവിച്ച വേദനയ്‌ക്ക് പരിഹാരമല്ലെന്നും എന്നാല്‍ സമൂഹത്തിന് ഇത് ഒരു പാഠമാണെന്നും അസ്‌ന പറഞ്ഞു.
2000 സെപ്‌റ്റംബര്‍ 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ ബോംബേറില്‍ ആറുവയസ്സുകാരിയായ അസ്‌നയുടെ കാല്‍ നഷ്ടപ്പെടുകയായിരുന്നു.












Click it and Unblock the Notifications