സന്ദീപിന് രാജ്യത്തിന്റെ പ്രണാമം

ബാംഗ്ലൂരിലെ ഐഎസ്‌ആര്‍ഒ ലേഔട്ടിലുള്ള വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ച സന്ദീപിന്റെ മൃതദേഹത്തില്‍ അന്തിമ ഉപചാരമര്‍പ്പിയ്‌ക്കാന്‍ ആയിരങ്ങളാണെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി വി.എസ് യദ്യൂരപ്പ, ബിജെപി നേതാക്കളായ ആനന്ദ് കുമാര്‍, കര്‍ണാടക ഡിജിപി തുടങ്ങിയ പ്രമുഖര്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. 'സന്ദീപ് ഉണ്ണികൃഷ്‌ണന്‍ അമര്‍ രഹേ' എന്ന് ആയിരങ്ങള്‍ ഏറ്റുവിളിച്ചു.
ഇന്ത്യ നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തെ ചെറുത്തു തോല്‌പിയ്‌ക്കാന്‍ ചില ധീരരുടെ സേവനം രാജ്യത്തിന് ആവശ്യമായിരുന്നു. അതിന് വേണ്ടി സ്വന്തം ജീവന്‍ നല്‌കിയാണ് സന്ദീപ് തന്റെ കടമ പൂര്‍ത്തിയാക്കിയത്.
രാജ്യത്തെ നടുക്കിയ മുംബൈ ആക്രമണത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു താജിന്റെ നിയന്ത്രണം ഏറ്റെടുത്ത ഭീകരരെ കീഴടക്കുകയെന്നത്. ആ ദൗത്യത്തിന് ഇറങ്ങിത്തിരിയ്‌ക്കും മുമ്പേ തന്റെ അമ്മയെ വിളിച്ച് ഇക്കാര്യം പറയാന്‍ സന്ദീപ് മറന്നില്ല. "അമ്മേ ഞങ്ങളിപ്പോള്‍ താജ് ഹോട്ടലിലെത്തും. ഇവിടെയെങ്ങും നിറയെ ചാനലുകാരാണ് അമ്മ ടിവി കണ്ടോളൂ. ചിലപ്പോള്‍ എന്നെ കാണാം"ആവേശമുറ്റിയ സന്ദീപിന്റെ വാക്കുകള്‍ അമ്മ ധനലക്ഷ്‌മി അഭിമാനത്തോടെയാണ് കേട്ടത്. പിന്നീട് താജിനുള്ളിലേക്ക് കയറുന്ന മകന്റെ ദൃശ്യങ്ങള്‍ ധനലക്ഷ്‌മി ടിവിയില്‍ കണ്ടിരുന്നു.
എന്നാല്‍ അഭിമാന ബോധം പെട്ടെന്നു തന്നെ കൂട്ടക്കരച്ചിലിലേക്ക് വഴിമാറി. ഭീകരരുമായുള്ള പോരാട്ടത്തില്‍ മകന്‍ മരിച്ചെന്ന വാര്‍ത്ത ദില്ലിയിലെ എന്‍എസ്‌ജി ആസ്ഥാനത്ത് നിന്ന് വിളിച്ചറിയിച്ചപ്പോള്‍ അവര്‍ക്ക് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍ കൊല്ലപ്പെട്ടത്.
51 എസ്‌ഡിജിയുടെ കമാന്‍ഡറായ സന്ദീപ് തന്റെ സംഘത്തെ മുന്നില്‍ നിന്ന് നയിക്കുന്നതിനിടെയാണ് ജീവന്‍ നഷ്ടപ്പെട്ടതെന്ന് എന്‍എസ്‌ജി അധികൃതര്‍ അറിയിച്ചു. സഹപ്രവര്‍ത്തകന് നേരെ വെടിവെച്ച ഭീകരനെ പിന്തുടരുന്നതിനിടെ പെട്ടെന്ന് തന്നെയുണ്ടായ പ്രത്യാക്രമണത്തിലാണ് സന്ദീപിന് ജീവന്‍ നഷ്ടപ്പെട്ടത്.
സാഹസികത ഇഷ്ടപ്പെട്ട രാജ്യസ്‌നേഹി
എഞ്ചിനീയറിംഗ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയെങ്കിലും സന്ദീപിന് ഇഷ്ടം സൈനിക വേഷത്തോടായിരുന്നു. ഒടുവില്‍ ഏക മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി അച്ഛനുമമ്മയും അതിന് അനുമതി നല്‌കി.
ചെറുപ്പത്തില്‍ തന്നെ ഏറെ സാഹസികത ഇഷ്ടപ്പെട്ടിരുന്ന സന്ദീപ് 1999ല്‍ ജൂണ്‍ 12ന് ബീഹാര്‍ റജിമെന്റിലൂടെയാണ് സൈനിക ജീവിതം ആരംഭിച്ചത്. സന്ദീപിന്റെ മികച്ച പ്രകടനം കണക്കിലെടുത്ത് അദ്ദേഹത്തിന് എന്‍എസ്‌ജിയിലേക്ക് സ്ഥാനക്കയറ്റം നല്‌കുകയായിരുന്നു. 2007 ജനുവരി 20നാണ് എന്‍എസ്‌ജിയിലെ 51എസ്‌ഡിജി വിഭാഗത്തില്‍ കമാന്‍ഡറായി സന്ദീപ് തന്റെ സൈനിക ജീവിതത്തിലെ രണ്ടാം ഘട്ടം ആരംഭിച്ചത്.
ബാംഗ്ലൂര്‍ ഐഎസ്‌ആര്‍ഒയില്‍ നിന്ന് വിരമിച്ച ഉണ്ണികൃഷ്‌ണന്റെയും ധനലക്ഷ്‌മിയുടെയും ഏകമകനാണ് സന്ദീപ്. സൈനിക ജീവിതത്തോടുള്ള സന്ദീപിന്റെ അവസാനിയ്‌ക്കാത്ത ആവേശം അദ്ദേഹത്തിന്റെ കുടുംബ ജീവിത്തേയുംയുംബാധിച്ചിരുന്നുവെന്നാണ് അറിയുന്നത്. ബാല്യത്തിലെ കളിക്കൂട്ടുകാരിയായിരുന്ന നേഹയുമായുള്ള ദാമ്പത്യ ജീവിതത്തില്‍ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്ന് പറയുന്നു.
ഒരേയൊരു മകനെ നഷ്ടപ്പെടുമ്പോഴും പിതാവ് ഉണ്ണികൃഷ്ണന്‍ ചോദിയ്‌ക്കുന്നത് ഇങ്ങനെയാണ് - എന്തിന് ഞാന്‍ കരയണം? ഇതെന്റെ വ്യക്തിപരമായ നഷ്ടമല്ല, രാജ്യത്തിന്റെ നഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ കരയുന്നത് അവനൊരിയ്ക്കലും ഒരിയ്‌ക്കലും ഇഷ്ടപ്പെടില്ല, രാജ്യത്തിനായി അവനിത് ചെയ്‌തു എന്ന് ഞാന്‍ പറയുന്നതാവും അവന്റെ ഇഷ്ടം - ഉണ്ണികൃഷ്ണന്‍ പറയുന്നു.












Click it and Unblock the Notifications