ശിവരാജ് പാട്ടീല്‍ രാജിവെച്ചു

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് പാട്ടീല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറുകയായിരുന്നു. എന്നാല്‍ രാജി സ്വീകരിച്ച കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി, ധനമന്ത്രി ചിദംബരം എന്നിവരുമായി ഞായറാഴ്ച രാവിലെ പാട്ടീല്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാട്ടീലിന്റെ രാജിവാര്‍ത്ത പുറത്ത് വന്നിട്ടുള്ളത്.
ധനമന്ത്രി ചിദംബരമായിരിക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല തുടര്‍ന്ന് വഹിയ്ക്കുകയെന്ന് സൂചനയുണ്ട്. രാജ്യത്തെ വന്‍നഗരങ്ങളില്‍ തുടര്‍ച്ചയായി നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പഴി കേള്‍ക്കുന്ന യുപിഎ സര്‍ക്കാരിനും വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിയ്ക്കുന്ന കോണ്‍ഗ്രസിനും പാട്ടീലിന്റെ രാജി ആശ്വാസം നല്കും.
ഭീകരാക്രമണങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിയ്ക്കുന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തത്കാലത്തേക്ക് തണുപ്പിയ്ക്കാന്‍ പാട്ടീലിന്റെ രാജി സഹായകമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ശനിയാഴ്ച രാത്രിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ പാട്ടീല്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ കൂടി വിമര്‍ശനമേറ്റതിനാല്‍ താന്‍ രാജിയ്ക്ക് ഒരുക്കമാണെന്നാണ് പാട്ടീല്‍ അറിയിച്ചിരുന്നത്. പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ വിളിച്ച ഉന്നതതല യോഗത്തിലേക്കും പാട്ടീലിനെ ക്ഷണിച്ചിരുന്നില്ല. ഈ സംഭവം പാട്ടീലിന്റെ രാജിയിലെത്തിയ്ക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പാട്ടീലിന്റെ പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേശ് മുഖും രാജിവെയ്ക്കുമെന്ന് വാര്‍ത്തകളുണ്ട്.


Click it and Unblock the Notifications