മുംബൈ: തീവ്രവാദികള്‍ പാകില്‍നിന്നാണ് വന്നതെന്ന് യുഎസ്
ദില്ലി: മുംബൈയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്‌താനില്‍ നിന്നുള്ള തീവ്രവാദികളാണെന്ന് പാകിസ്‌താന്‍ അധികൃതര്‍ സമ്മതിച്ചതായി അമേരിക്ക.
ഐഎസ്‌ഐയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ അഡ്‌മിറല്‍ മൈക്കേല്‍ മുള്ളന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍, പ്രതിരോധ മന്ത്രി എകെ ആന്റണി എന്നിവരെ അറിയിച്ചു.
അക്രമികള്‍ പാക് പൗരന്മാരാണെന്നും ലഷ്‌കര്‍ ഇ തൊയ്‌ബ അംഗങ്ങളാണെന്നുമുള്ളതിന് യുഎസിന്റെ പക്കല്‍ തെളിവുകള്‍ ഉണ്ട്. ഇക്കാര്യം പാകിസ്‌താനെ അറിയിച്ചിട്ടുണ്ടെന്നും മുള്ളന്‍ പറഞ്ഞു.
തീവ്രവാദികള്‍ക്ക് പാകിസ്‌താനില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്നുള്ള വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ അധികൃതര്‍ വെള്ളിയാഴ്‌ച വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ മുംബൈ തീവ്രവാദി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പാകിസ്‌താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലിസ റൈസ് പറഞ്ഞു.
വാഷിങ്‌ടണില്‍ ഡാനിഷ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
അക്രമത്തില്‍ നഷ്ടം സഹിച്ച ഇന്ത്യക്കാര്‍ സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തുടങ്ങിയിരിക്കുകയാണ്.
അമേരിക്ക ഇക്കാര്യത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ഉദ്ദേശിക്കുന്നു. ഇക്കാര്യത്തില്‍ സുതാര്യമായതും പ്രത്യേക ഉത്തരവാദിത്തത്തോട് കൂടിയതുമായ നടപടി സ്വീകരിക്കാന്‍ പാകിസ്‌താന്‍ തയ്യാറാകണം- റൈസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications