മൂന്നാര്‍ ദൗത്യ സംഘം സര്‍ക്കാറിന് നാണക്കേടുണ്ടാക്കിയെന്ന് പിണറായി
ഇടുക്കി: മൂന്നാറിലെ ആദ്യ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയ്‌ക്ക് കളങ്കം വരുത്തിയതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഡിവൈഎഫ്‌ഐയുടെ ഇടുക്കി ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് രാജാക്കാട്ട് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറിലെ അനധികൃതകയ്യേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കുകയെന്ന സുദദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ ദൗത്യസംഘത്തെ നിയോഗിച്ചത്. എന്നാല്‍ കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സര്‍ക്കാറിനെ വഞ്ചിക്കുന്നതരത്തിലാണ് പ്രവര്‍ത്തിച്ചത്. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ആ സംഘം ചെയ്‌തത്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ടു.
മൂന്നാറിലെ ഭൂമികയ്യേറ്റത്തെക്കുറിച്ച് സിപിഎം നിയോഗിച്ച കമ്മീഷന്‍ പഠിയ്‌ക്കുകയും ഇതിന്റെ വിശദമായ റിപ്പോര്‍ട് സംസ്ഥാന കമ്മിറ്റി ചര്‍ച്ചചെയ്‌ത് അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്‌തശേഷം പരിഗണനയ്‌ക്കായി സര്‍ക്കാറിന് സമര്‍പ്പിക്കും.- പിണറായി അറിയിച്ചു.
സമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്‌ത യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തിതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമ്പോള്‍ വിഎസ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രസംഗത്തിലുടനീളം വിഎസിനെ കാര്യമായി വിമര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിച്ച പിണറായി വി.എസിന്റെ വിശ്വസ്ഥനായ സുരേഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചു. മൂന്നാറും പരിസരവും ടാറ്റയും നിയന്ത്രണത്തിലാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications