വിവാദ പ്രസ്‌താവന: സുരേഷ് കുമാര്‍ വിഎസിനെ കണ്ടു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിവാദ ആരോപണങ്ങള്‍ നടത്തിയ മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ. സുരേഷ് കുമാര്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായി കൂടിക്കാഴ്‌ച നടത്തി.
രാവിലെ ക്ലിഫ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. സിഡിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനെന്ന പേരിലാണ് കൂടിക്കാഴ്‌ച നടന്നത്. എന്നാല്‍ ഇപ്പോഴത്തെ വിവാദങ്ങളും തനിക്കെതിരെ നടപടിയെടുത്തേയ്‌ക്കാനുള്ള സാഹചര്യവും കണക്കിലെടുത്ത് വിശദീകരണം നല്‍കാനാണ് സുരേഷ് വിഎസിനെ കണ്ടതെന്നാണ് സൂചന.
തനിക്കെതിരെ ഉണ്ടായ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കാണ് മറുപടി നല്‍കിയതെന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം സുരേഷ് കുമാര്‍ പറഞ്ഞു. തന്റെ ഓഫീസുമായി ബന്ധപ്പെട്ട കാര്യത്തില്‍ സുരേഷ് പ്രതികരിച്ചത് ശരിയായില്ലെന്ന് വിഎസ് അഭിപ്രായപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.
ചട്ടം ലംഘിച്ച് മാധ്യമങ്ങളിലൂടെ പരസ്യപ്രസ്‌താവന നടത്തിയ സുരേഷിനെതിരെ നടപടിയെടുത്തേയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംസ്ഥാന സമിതിയില്‍ വിഎസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഓഫീസ് വിഎസിന് എതിരാണെന്ന വെളിപ്പെടുത്തലുമായി സുരേഷ് കുമാര്‍ രംഗത്തെത്തിയത്.
ഇതിനിടെ സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി സുധാകരന്‍ മുഖ്യമന്ത്രിയ്‌ക്ക് കത്തുനല്‍കി. കാര്‍ഷിക ഗ്രാമവികസന ബാങ്ക് എംഡിയായ സുരേഷ് കുമാര്‍ ഈയിടെ നടന്ന ബാങ്ക് ഉന്നതതലയോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സുരേഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സുധാകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications