ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസര്‍ വീട്ടു തടങ്കലില്‍
ഇസ്ലാമബാദ്: പാകിസ്‌താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാനാ മസൂദ് അസറിനെ പാകിസ്‌താന്‍ വീട്ടുതടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്.
എന്നാല്‍ ഇയാളെ വീട്ടുതടങ്കലിലാക്കിയ കാര്യം പാകിസ്‌താന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അസറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് പാക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൈന്യം അസറിനെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നാണ് പാകിസ്‌താനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബഹവല്‍പൂരിലെ വസതിയിലാണ് ഇയാളുള്ളത്.
മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ആവശ്യപ്പെട്ട ഭീകരരുടെ പട്ടികയില്‍ അസറിന്റെ പേരും ഉണ്ടായിരുന്നു. 1999ല്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിനെത്തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇന്ത്യ വിട്ടുകൊടുത്ത തീവ്രവാദിയാണ് അസര്‍.
പാകിസ്‌താനില്‍ വന്‍ റാലികള്‍ നടത്തുന്നതിനായി അടുത്തിടെ അസര്‍ വന്‍തോതില്‍ പണം ശേഖരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.1994ലാണ് അസര്‍ ഇന്ത്യയില്‍ തടവിലാകുന്നത്.
2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന വ്യക്തിയാണ് അസര്‍. മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷറഫിനെ വധിക്കാന്‍ ചാവേറുകളെ അയച്ചുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെയുണ്ട്.
എങ്കിലും അസറിനെതിരെ ഇതേവരെ ശക്തമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാകിസ്‌താന് കഴിഞ്ഞിട്ടില്ല. 2000ലാണ് മസൂദ് അസര്‍ ജെയ്‌ഷെ ഇ മുഹമ്മദ് എന്ന തീവ്രവാദ സംഘടന സ്ഥാപിച്ചത്. പിന്നീട് പാകിസ്ഥാന്‍ ഈ സംഘടനയെ നിരോധിച്ചിരുന്നു.












Click it and Unblock the Notifications