ബുഷിനെ എറിഞ്ഞത് ശ്രദ്ധനേടാന്‍: യുഎസ്
വാഷിങ്‌ടണ്‍: ഇറാഖില്‍ വിടവാങ്ങല്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനുനേരെ മാധ്യമപ്രവര്‍ത്തകന്‍ ഷൂ എറിഞ്ഞ സംഭവം ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒറ്റപ്പെട്ട ശ്രമമാണെന്ന് അമേരിക്ക.
ഇറാഖില്‍ അമേരിക്ക ചെയ്‌ത നല്ല പ്രവൃത്തികള്‍ വിസ്‌മരിക്കുന്നതാണ് ഈ സംഭവമെന്നും യുഎസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഞായറാഴ്‌ച രാത്രി പ്രധാനമന്ത്രി നൂറിഅല്‍ മാലിക്കിയുമൊത്ത് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇറാഖി മാധ്യമപ്രവര്‍ത്തകന്‍ മുന്ദാസര്‍ അല്‍ സെയ്‌ദി തന്റെ ഷൂ ഊരിയെടുത്ത് ബുഷിന് നേരെ എറിഞ്ഞത്.
തുടര്‍ന്ന് പൊലീസുകാര്‍ സെയ്‌ദിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇയാളെ വിട്ടയയ്‌ക്കണമെന്നാവശ്യപ്പെട്ട് ബാഗ്‌ദാദില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനം നടന്നിരുന്നു. സെയ്‌ദിയ്‌ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടും പലയിടത്തും പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്.
പത്ത് ഇഞ്ചാണ് ഷൂവിന്റെ വലിപ്പമെന്ന തമാശകലര്‍ന്ന പ്രതികരണത്തോടെയാണ് ഈ അപ്രതീക്ഷിത നടപടിയെ ബുഷ് നേരിട്ടത്. ഒരു സ്വതന്ത്ര സമൂഹത്തിന്റെ ലക്ഷണമാണിത്. അപമാനിക്കപ്പെട്ടതായി കരുതുന്നില്ല. എട്ടുവര്‍ഷത്തെ ഭരണകാലത്ത് ഇത്തരം വേറെയും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്- എന്നിങ്ങനെയാണ് ബുഷ് പ്രതികരിച്ചത്.
ചെരുപ്പേറ് ഏറ്റവും വലിയ അവഹേളനമായി കാണുന്നവരാണ് അറബ് ജനത. എന്നാല്‍ ബുഷിനെതിരെ ഇങ്ങനെ ചെയ്‌തതിനെ ജനതയുടെ ഭൂരിഭാഗവും പ്രശംസിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ അപമാനകരമായ നടപടിയെന്നാണ് ഇറാഖ് സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിച്ചത്. മറ്റൊരു രാഷ്ട്രത്തലവനെ അപമാനിച്ച കുറ്റത്തിന് സെയ്‌ദിയ്‌ക്ക് ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കുമെന്ന് നിയമജ്ഞര്‍ പറയുന്നു.












Click it and Unblock the Notifications