പ്രധാനമന്ത്രി വാര്‍ റൂം മീറ്റിങ് വിളിച്ചു
ദില്ലി: ഇന്ത്യ-പാക് ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്‌ച രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വാര്‍ റൂം മീറ്റിങ് വിളിച്ചുചേര്‍ത്തു.
വിവിധ വകുപ്പുമന്ത്രിമാര്‍ സേനാ തലവന്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ആവശ്യമായി വന്നാല്‍ ഒരു സൈനിക നീക്കത്തിന് സേനാവിഭാഗങ്ങള്‍ സജ്ജമാണോയെന്ന് യോഗം പരിശോധിച്ചു.
യോഗത്തില്‍ പ്രതിരോധമന്ത്രി എകെ ആന്റണി, വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തരമന്ത്രി പി ചിദംബരം, മൂന്നു സേനാത്തലവന്‍മാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുംബൈ ഭീകരാക്രമണത്തിന് ശേഷം നല്‍കിയ ഉറപ്പില്‍ നിന്നും പാകിസ്‌താന്‍ പിന്‍മാറിയതിനെത്തുടര്‍ന്നാണ് ഇന്ത്യ അടിയന്തര യോഗം വിളിച്ചതെന്നാണ് സൂചന.
ഈ യോഗത്തിന് മുമ്പ് പ്രതിരോധമന്ത്രി എകെ ആന്റണി തീരസംരക്ഷണ സേനയിലെ ഉന്നതരുമായി കൂടിക്കാഴ്‌ച നടത്തുകയും തീരദേശങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്‌തിട്ടുണ്ട്.
ഇതുകൂടാതെ 120 രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പ്രതിനിധികളെയും അടിയന്തരമായി ഇന്ത്യയിലേയ്‌ക്ക് വിളിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച നടക്കുന്ന യോഗത്തില്‍ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും.
കാര്‍ഗില്‍ യുദ്ധത്തിന് നാല്‍പ്പത്തിയെട്ടുമണിക്കൂര്‍ മുമ്പും ഇതേപോലെ എല്ലാ അംബാസഡര്‍മാരുടെയും യോഗം വിളിച്ചുകൂട്ടിയിരുന്നു. സൈനിക നീക്കം ആവശ്യമായി വന്നാല്‍ വിവിധ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ഇന്ത്യയുടെ ഭാഗം വിശദീകരിക്കുകയും ചെയ്യുകയെന്നതാണ് അംബാസഡര്‍മാരുടെ ചുമതല.












Click it and Unblock the Notifications