ധോണിയ്‌ക്ക് ഭീഷണി: 3പേര്‍ അറസ്റ്റില്‍
റാഞ്ചി: അമ്പത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റണ്‍ മഹേന്ദ്ര സിങ് ധോണിയെ അപായപ്പെടുത്തുമെന്ന് ഭീഷണിക്കത്തുകളയച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റിലായി.
വ്യാഴാഴ്‌ച രാത്രിയിലാണ് ഇവരെ പൊലീസ് പിടികൂടിയത്. രഞ്‌ജിത്, സാദ്ദിഖ്, പര്‍വേസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്‌തുവരുകയാണ്. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്തയാളാണെന്ന് അവകാശപ്പെട്ട് തസ്ലിം എന്നയാളാണ് ഭീഷണിക്കത്ത് അയച്ചത്.
ഇയാളുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്‌ചയാണ് അമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ട് ധോണിയുടെ കുടുംബത്തിന് ആദ്യ കത്ത് ലഭിച്ചത്. പിന്നീട് ബുധനാഴ്‌ച പണം തരാതിരിക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്‌താല്‍ ധോണിയുടെ വീട് കത്തിയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടാമത്തെ കത്തും ലഭിച്ചു.
ബുധനാഴ്‌ചതന്നെ ധോണി വിവരം പൊലീസില്‍ അറിയിക്കുകയും കത്തുകള്‍ കൈമാറുകയുംചെയ്‌തു. സംഭവത്തെത്തുടര്‍ന്ന് ധോണിയ്‌ക്കും ബന്ധുക്കള്‍ക്കും സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനായി റാഞ്ചി പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റിന്റെ സഹായം തേടിയിട്ടുണ്ട്.
പൊലീസിന്റെ നിഗമനമനുസരിച്ച് കത്തെഴുതിയ തസ്ലിം എന്നയാള്‍ റാഞ്ചിയിലെ അധോലോക നേതാവായ സുരേന്ദ്ര ബംഗാളിയുടെ വലംകയ്യാണ്. സരേന്ദ്ര ഇപ്പോള്‍ ഹസാരിബാഗ് സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. 1990ല്‍ റാഞ്ചി വിട്ട തസ്ലിം തുടര്‍ന്ന് ദാവൂദിന്റെ സംഘത്തില്‍ ചേരുകയായിരുന്നു. ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ധോണിയ്‌ക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications