ഭാരം കൂടി; 10 എയര്‍ഹോസ്‌റ്റസുമാരെ പിരിച്ചുവിട്ടു
ദില്ലി: ശരീരഭാരം കൂടിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ പത്ത് എയര്‍ഹോസ്‌റ്റസുമാരെ പിരിച്ചുവിട്ടു. ആഭ്യന്തര സര്‍വ്വീസില്‍ സേവനമനുഷ്‌ഠിക്കുന്നവരാണ് പിരിച്ചുവിടപ്പെട്ടവരെല്ലാം.
തടി കൂടിയെന്ന കാരണം പറഞ്ഞ് ഏതാനും മാസങ്ങളായി ഇവരെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. ഈ നടപടിയ്‌ക്കെതിരെ എയര്‍ഹോസ്‌റ്റസുമാര്‍ 2008 ജൂണില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
ശരീരഭാരം ഒരു നിശ്ചിത അളവില്‍ നിലനിര്‍ത്തണമെന്ന് കരാറില്‍ പറഞ്ഞുവെന്ന് കാണിച്ചാണ് കോടതി അന്ന് ഹര്‍ജികള്‍ തള്ളിയത്. 18 വയസ്സും 152 സെറ്റീമീറ്റര്‍ ഉയരവുമുള്ള ഒരു എയര്‍ഹോസ്‌റ്റസിന് 50 കിലോയും 26നും 30നും ഇടയില്‍ പ്രായവും 152 സെറ്റീമീറ്റര്‍ ഉയരവുമുള്ള ഒരു എയര്‍ഹോസ്‌റ്റസിന് 56 കിലോയുമാണ് അനുവദനീയമായ ശരീരഭാരം.
ഇപ്പോള്‍ പിരിച്ചുവിടപ്പെട്ടവരെല്ലാം ഇതില്‍ക്കൂടുതല്‍ ശരീരഭാരമുള്ളവരാണ്. എയര്‍ഹോസ്‌റ്റസുമാരെ പിരിച്ചുവിട്ട സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് എയര്‍ഇന്ത്യ വക്താവ് ജെ ഭാര്‍ഗവ പറഞ്ഞത്. എന്നാല്‍ എയര്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡിഎസ് കോശി സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
പിരിച്ചുവിട്ട എല്ലാവര്‍ക്കും ഡിസംബര്‍ അവസാനവാരത്തിലാണ് പിരിച്ചുവിടുന്നതായി അറിയിപ്പ് ലഭിച്ചത്. ഇതിനൊപ്പം ഒരുമാസത്തെ ശംബളവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തിയ മുഴുവന്‍ കാലത്തെയും ശംബളം ലഭിച്ചില്ലെന്നാണ് എയര്‍ഹോസ്‌റ്റസുമാരുടെ പരാതി.












Click it and Unblock the Notifications