കോടതിയില്‍ കാമുകന് കാമുകിയുടെ മര്‍ദ്ദനം
നാഗ്‌പൂര്‍: കോടതിയില്‍ തന്നെ അറിയില്ലെന്ന് പറഞ്ഞ മുപ്പത്തിയഞ്ചുകാരനായ കാമുകനെ കാമുകി മര്‍ദ്ദിച്ചു. നാഗ്‌പൂര്‍ സ്വദേശിയായ പതിനെട്ടുവയസ്സുകാരിയാണ് കോടതിയില് കാമുകന്‍ തള്ളിപ്പറഞ്ഞതിനെത്തുടര്‍ന്ന് സ്ഥലകാലബോധമില്ലാതെ പെരുമാറിയത്.
കോടതിയിലുണ്ടായിരുന്ന പൊലീസുകാരാണ് പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും യുവാവിനെ രക്ഷിച്ച് പുറത്തുള്ള വാഹനത്തില്‍ കയറ്റിവിട്ടത്. രണ്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നുവത്രേ.
എന്നാല്‍ പതിനാറ് വയസ്സ് കൂടുതലുള്ള അന്യജാതിയില്‍പ്പെട്ട പുരുഷനെ മകള്‍ വിവാഹം ചെയ്യുന്നതിനോട് അച്ഛനമ്മമാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. ലാബ് ജോലിക്കാരനായ കാമുകന്റെ വീട്ടുകാരും ബന്ധത്തിന് എതിരായിരുന്നു.
എതിര്‍പ്പിനിടെ രണ്ടുപേരും 2006 മാര്‍ച്ച് 26ന് ചന്ദ്രപൂരിലേയ്‌ക്ക് ഒളിച്ചോടി. കുട്ടിയുടെ എസ്‌എസ് സി പരീക്ഷ നടക്കുന്നതിനിടെയായിരുന്നു ഒളിച്ചോട്ടം. ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായ ഇവര്‍ ഒരു വാടകവീട്ടില്‍ താമസം തുടങ്ങുകയും ചെയ്‌തു. ഏറെത്താമസിയാതെ രണ്ടുപേര്‍ക്കുമിടയല്‍ പ്രശ്‌നങ്ങള്‍ തുടങ്ങി.കാമുകന്റെ തുച്ഛമായ വരുമാനമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് പ്രധാനകാരണം.
ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. എന്നാല്‍ രാജേഷ് ഭാര്യയെ നിര്‍ബ്ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചു. ഒന്‍പത് മാസക്കാലത്തെ ദാമ്പത്യത്തിന് ശേഷം തന്നെ വിട്ടുപോകണമെന്നും ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടുവത്രേ.
തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേയ്‌ക്ക് തിരിച്ചുപോയി. കുട്ടിയുടെ പിതാവാണ് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ രാഷ്ട്രീയമായി സ്വാധീനമുണ്ടായിരുന്ന യുവാവ് കേസില്‍ നിന്നും രക്ഷപ്പെടുകയാണുണ്ടായത്.












Click it and Unblock the Notifications