സത്യം സിഎഫ്‌ഒ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്
ഹൈദരാബാദ്: സാമ്പത്തിക ക്രമക്കേടിനെനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേര്‍സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീനിവാസ് വദ്‌ലമണി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
രാജിവച്ച സത്യം ചെയര്‍മാന്‍ ബി. രാമലിംഗരാജു നടത്തിയ സാമ്പത്തിക ക്രമക്കേടില്‍ ശ്രീനിവാസിനും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്‌ച രാവിലെയാണ് ശ്രീനിവാസ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സെബിയ്‌ക്കും സത്യം ഡയറക്ടര്‍ ബോര്‍ഡിനും എഴുതിയ കത്തില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതില്‍ ശ്രീനിവാസിനും പങ്കുണ്ടെന്ന് രാമലിംഗരാജു സൂചിപ്പിച്ചിരുന്നു.
സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് അറിയാത്തവരുടെ പേരുകള്‍ കാണിച്ചുകൊണ്ട് രാജു നല്‍കിയ പട്ടികയില്‍ ശ്രീനിവാസിന്റെ പേരില്ലായിരുന്നു. ഇതാണ് ഇദ്ദേഹത്തിനും ക്രമക്കേട് നടത്തിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയരാന്‍ കാരണമായത്.
വ്യാഴാഴ്‌ച വൈകീട്ട് സത്യത്തിന്റെ ഇടക്കാല സിഇഒ രാം മൈനാംപതി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശ്രീനിവാസ് രാജിക്കത്ത് നല്‍കിയതായി അറിയിച്ചിരുന്നു. എന്നാല്‍ ജനുവരി 10ന് നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ മാത്രമേ ശ്രീനിവാസിന്റെ രാജി സ്വീകരിക്കണോയെന്ന കാര്യം തീരുമാനിക്കൂ എന്നും മൈനാംപതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ടുദിവസങ്ങളായി ശ്രീനിവാസ് സ്വഗൃഹത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. അമീര്‍പേട്ടിലുള്ള ബന്ധുഗൃഹത്തിലാണ് ഇദ്ദേഹമുള്ളതെന്നും അവിടെവച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications