കേരള കൗമുദിക്കെതിരെ മൗനം പാലിക്കുന്നത് ഉചിതം: എജി
കൊച്ചി: കേരള കൗമുദിക്കെതിരെ കോടതി അലക്ഷ്യക്കേസ് തുടരുന്ന കാര്യത്തില്‍ ഹൈക്കോടതി തിങ്കളാഴ്‌ച തീരുമാനമെടുക്കും.
അഭയക്കേസുമായി ബന്ധപ്പെട്ട് കോടതി വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കേരളാ കൗമുദി ദിനപത്രത്തിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകേണ്ട ആവശ്യമില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ (എജി) ടി.പി സുധാകര്‍ പ്രസാദ് ഹൈക്കോടതിയെ ബോധിപ്പിച്ചു.
പൊതു സമൂഹത്തെ ബോധവത്‌ക്കരിയ്‌ക്കുന്ന തരത്തില്‍ പത്രങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ മൗനം പാലിയ്‌ക്കുകയാണ് നല്ലെതന്ന് അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു.
പത്രത്തിനെതിരെ തുടങ്ങിവച്ച കോടതിയലക്ഷ്യ നടപടികള്‍ നിയമപരമായി നില്‌ക്കുന്നതല്ലെന്നും കോടതിയലക്ഷ്യ ചട്ടങ്ങളും മറ്റു വിധികളും ചൂണ്ടിക്കാട്ടി എജി വിശദീകരിച്ചു.
അഭയ കേസുമായി ബന്ധപ്പെട്ട് പല കാലങ്ങളില്‍ പല വിധത്തിലുള്ള ലേഖനങ്ങള്‍ വിവിധ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുനന്മയെ ലക്ഷ്യമാക്കി അല്ലെങ്കില്‍ കേസന്വേഷണത്തെ സജീവമാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയായിരുന്നു ഈ ലേഖനങ്ങള്‍.
സുപ്രീം കോടതി ജഡ്‌ജിയായി റിട്ടയര്‍ ചെയ്‌ത കെ.ടി തോമസ് അഭയക്കേസുമായി ബന്ധപ്പെട്ട് ദീപിക പത്രത്തില്‍ എഴുതിയ ലേഖനമടക്കം മാതൃഭൂമി പോലുള്ള പ്രമുഖ പത്രങ്ങള്‍ പ്രസിദ്ധികരിച്ച വാര്‍ത്തകളും എജി ഇതിന് ഉദാഹരണമായി എടുത്തു കാണിച്ചു.
കേരള കൗമുദിയിലെ ലേഖനത്തിനും അത്തരമൊരു ഉദ്ദേശ്യമേയുള്ളൂവെന്ന പരിഗണന നല്‌കി കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കാവുന്നതാണെന്ന് എജി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് കേസ് തുടരണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റിയത്.
അഭയക്കേസിലെ ജാമ്യ ഹര്‍ജി ബഞ്ച് മാറ്റണമെന്ന സിബിഐയുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് കേരള കൗമുദിയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച 'നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം' എന്ന മുഖപ്രസംഗത്തിനെതിരെയാണ് കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിയത്.












Click it and Unblock the Notifications