കസബിന്റെ ഡിഎന്‍എ സാംപിള്‍ കൈമാറുന്നു
ദില്ലി: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടുള്ള രണ്ടാംഘട്ട തെളിവു കൈമാറ്റത്തിന് ഇന്ത്യ ഒരുങ്ങുന്നു. അറസ്റ്റിലായ പാക് തീവ്രവാദി അജ്‌മല്‍ അമീര്‍ കസബിന്റെ ഡിഎന്‍എ മാതൃക ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ അന്വേഷണ സംഘം ഇതിനകം തന്നെ കസബിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ പിതാവിന്റെ ഡിഎന്‍എയുമായി താരതമ്യം ചെയ്യാമെന്നും അതുവഴി പാക് പൗരത്വം ബോധ്യപ്പെടുത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കഴിഞ്ഞ തവണ വിവരങ്ങള്‍ കൈമാറിയപ്പോള്‍ ഉള്‍പ്പെടുത്താതിരുന്ന വിവരങ്ങളും പിന്നീട് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുമാണ് ഇന്ത്യ കൈമാറുന്നത്. ആദ്യവട്ടം തെളിവുകള്‍ കൈമാറിയപ്പോള്‍ അത് തെളിവുകളെല്ലെന്നും വെറും വിവരങ്ങള്‍ മാത്രമാണെന്നുമായിരുന്നു പാകിസ്‌താന്റെ പ്രതികരണം.
എന്നാല്‍ ഇപ്പോള്‍ ഈ വിവരങ്ങളില്‍ ചില സൂചനകളുണ്ടെന്ന് പാകിസ്‌താന്‍ സമ്മതിയ്‌ക്കുകയും അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതോടെയാണ് കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചത്.
അന്വേഷണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം സ്വാഗതം ചെയ്യുന്നതായി പാകിസ്‌താന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം മറ്റൊരു രാജ്യത്തിന്റെയും സഹായം തേടുകയില്ലെന്നും കുറ്റവാളികളെ പിടികൂടിയാല്‍ പാകിസ്‌താനിലെ ഭീകരവിരുദ്ധ നിയമപ്രകാരം നടപടിയെടുക്കുമെന്നും പാകിസ്‌താന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications