യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി
തിരുവനന്തപുരം: യുഡിഎഫിന്റെ ലോക് സഭാ സീറ്റ് വിഭജനം പൂര്‍ത്തിയായി. മലപ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍ മുസ്ലീംലീഗും കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസും(എം) മത്സരിക്കും.
വടകര മണ്ഡലത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് തങ്ങള്‍ക്കുകൂടി സ്വീകാര്യനും പൊതുസമ്മതനുമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ഘടകകക്ഷികളുടെ ആവശ്യം പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ചൊവ്വാഴ്‌ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വടകര സീറ്റ് വേണമെന്ന് സിഎംപി ആവശ്യപ്പെട്ടിരുന്നു. സീറ്റ് ലഭിക്കില്ലെന്ന ഘട്ടത്തില്‍ പൊതു സ്ഥാനാര്‍ത്ഥിയെ വേണമെന്ന് ഇവര്‍ത്തന്നെയാണ് നിര്‍ദ്ദേശം വച്ചത്. വടകര മണ്ഡലത്തില്‍ സിപിഎം വിമതരുടെ എണ്ണം കൂടുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സിഎംപിയുടെ നിര്‍ദ്ദേശം.
വടകരസ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തിലായിരിക്കുമോ മത്സരിക്കുകയെന്ന പറയാനാവില്ലെന്നും തിരഞ്ഞെടുപ്പ് തന്ത്രങ്ങല്‍ വെളിപ്പെടുത്തില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി. കോട്ടയത്ത് കെഎം മാണിയുടെ മകനായ ജോസ് കെ മാണിയായിരിക്കും മത്സരിക്കുക. സംസ്ഥാന എക്‌സിക്യൂട്ടീവ് വൈകാതെ യോഗം ചേര്‍ന്ന് ജോസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിയ്‌ക്കും.
കോണ്‍ഗ്രസ് മൊത്തം 17 സീറ്റിലാണ് മത്സരിക്കുന്നത്. മൂന്ന് സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടു സീറ്റുകളായി പരിമിതപ്പെടുത്തണെന്ന് കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ആലപ്പുഴ സീറ്റ് ആവശ്യപ്പെട്ട ജെഎസ്‌എസും വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായി.












Click it and Unblock the Notifications