ക്രൈസ്‌തവര്‍ക്ക് സിപിഎം സ്വീകാര്യമായി: പിണറായി
പുനലൂര്‍: മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് ക്രൈസ്‌തവര്‍ക്ക് സിപിഎം കൂടുതല്‍ സ്വീകാര്യമായതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഞായറാഴ്‌ച നവകേരള മാര്‍ച്ചിന് പുനലൂരില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി ഇങ്ങനെ പറഞ്ഞത്.
മാര്‍ച്ച് റാന്നിയില്‍ എത്തിയപ്പോള്‍ ഒരു ക്രൈസ്‌തവ പുരോഹിതന്‍ തന്നെ കാണാന്‍ വന്നത് മാറിയ ചിന്താഗതിയാണ് കാണിക്കുന്നതെന്ന് പിണറായി പറഞ്ഞു.
സിബിഐയെ വിമര്‍ശിക്കുന്നതിലുള്ള ഐക്യം പ്രകടിപ്പിക്കാനായിരുന്നില്ലേ ക്‌നാനായ വൈദികന്റെ വരവെന്ന് ചോദിച്ചപ്പോള്‍ ഏത് സഭയില്‍പ്പെട്ട വൈദികനാണ് അദ്ദേഹമെന്ന് ഓര്‍ക്കുന്നില്ലെന്നായിരുന്നു പിണറായി പ്രതികരിച്ചത്.
അഭയ കേസ് സംബന്ധിച്ച് പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. എന്നാല്‍ ലാവലിന്‍ കേസില്‍ സിബിഐയുടെ നിലപാടിന് പിന്നില്‍ കോണ്‍ഗ്രസിന്റെ പ്രേരണയുണ്ട്. സിബിഐ വിശ്വാസപൂര്‍വ്വം നീങ്ങണമായിരുന്നു. സിബിഐയെ പാടേ വേണ്ടെന്നുവയ്‌ക്കുകയല്ല. ഇക്കാര്യത്തില്‍വീണ്ടുവിചാരത്തിനില്ല- അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ചിന്റെ സമാപനവേളയില്‍ മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും അദ്ദേഹം ചികിത്സയ്‌ക്കായി അവധിയില്‍ പോകുമെന്നും കേള്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് നിങ്ങള്‍ അദ്ദേഹത്തെ രോഗിയാക്കിയേ തറയില്‍ നില്‍ക്കുകയുള്ളോ മുഖ്യമന്ത്രി ആരോഗ്യവാനാണ്.
സിപിഎമ്മിനെ തകര്‍ക്കാന്‍ സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളുണ്ടായ ഓരോ ഘട്ടത്തിലും പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്‌ചയാണ് മാര്‍ച്ച് തിരുവനന്തപുരത്തെത്തുന്നത്.












Click it and Unblock the Notifications