ലഡാക്കിലേക്ക് റെയില്‍ പാത നിര്‍മ്മിക്കുന്നു
ദില്ലി: മലനിരകളാല്‍ ചുറ്റപ്പെട്ട ജമ്മു കശ്മീരിലെ തന്ത്രപ്രധാന മേഖലയായ ലഡാക്കിലേക്ക് റെയില്‍ പാത നിര്‍മ്മിക്കാന്‍ ഇന്ത്യ ആലോചിക്കുന്നു. ഇതിനുള്ള സാധ്യത പഠനം പൂര്‍ത്തിയായതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഇത് ഉടന്‍ തന്നെ റെയില്‍വെ മന്ത്രാലയത്തിനു സമര്‍പ്പിക്കും. ആസൂത്രണ കമ്മീഷന്റെ അംഗീകാരത്തിനും പാര്‍ലമെന്റിന്റെയും അന്തിമാനുമതിക്കും ശേഷം പദ്ധതിയുടെ നിര്‍മാണം ആരംഭിയ്ക്കം.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജമ്മു-കശ്മീരിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ ഇതോടെ സാധിക്കും. ആദ്യഘട്ടത്തില്‍ ഹിമാചല്‍ പ്രദേശിലെ ലേ-ബിലാസ്പൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് പാത നിര്‍മ്മിക്കുന്നത്.
498 കിലോ മീറ്റര്‍ നീളമുള്ള പാതയിലൂടെ ആറു യാത്രാ തീവണ്ടികളും ഒന്‍പത് ചരക്കു തീവണ്ടികളും ഓടിക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. 22,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 6,000 പേര്‍ ഈ പാത വഴി യാത്ര ചെയ്യുമെന്നാണ് റെയില്‍വെയുടെ കണക്കുകൂട്ടല്‍.
ചിബ്രിന്‍, സുന്ദര്‍ നഗര്‍, ഭന്‍ഗ്രോട്ട്, മന്‍ദി, കുളു, മനാലി, മുല്‍ഡേന്‍, പങ്, ജരപ തുടങ്ങി 20 സ്റ്റേഷനുകള്‍ ഈ പാതയില്‍ ഉണ്ടാകും. റെയില്‍പാത യാഥാര്‍ഥ്യമാകുന്നതോടെ ഈ മേഖലയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് ആക്കം കൂട്ടാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരുകള്‍.
ലഡാക്ക് റെയില്‍വെ പാതയ്ക്ക് തന്ത്രപ്രധാനപരമായ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്കുന്നത്. അയല്‍രാജ്യമായ ചൈന അതിര്‍ത്തിപ്രദേശമായ കാറക്കോറം മേഖലയിലൂടെ ടിബറ്റിലേക്ക് പാത നിര്‍മ്മിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുടെ സാധ്യതകള്‍ ഇന്ത്യ ആരാഞ്ഞത്.












Click it and Unblock the Notifications