ഡിഎംകെ അയയുന്നു, തീരുമാനം ഞായറാഴ്‌ച
ചെന്നൈ: കേന്ദ്രമന്ത്രിസഭയില്‍ ചേരാന്‍ ഡിഎംകെ തീരുമാനിച്ചതായി സൂചന. ഇതുസംബന്ധിച്ച ഔപചാരിക പ്രഖ്യാപനം ഞായറാഴ്‌ച ഉണ്ടായേയ്‌ക്കുമെന്നാണ് അറിയുന്നത്.
ഡിഎംകെ മന്ത്രിമാര്‍ ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചനയുണ്ട്. ഡിഎംകെയുടെ നേതാക്കളായ ടി.ആര്‍ ബാലു, എ രാജ എന്നിവരെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്നും ശനിയാഴ്‌ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ദില്ലിയില്‍ പറഞ്ഞിരുന്നു.
മൂന്ന് കാബിനറ്റ് പദവിയും നാല് സഹമന്ത്രിസ്ഥാനവുമാണ് നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവച്ചിരിക്കുന്നത്. മൂന്ന് കാബിനറ്റ് പദവിയില്‍ രണ്ടെണ്ണം ബാലുവിനും രാജയ്‌ക്കും നല്‍കാനാണ് കരുണാനിധിയുടെ തീരുമാനമെന്നാണ് സൂചന. ബാക്കിയുള്ള ഒരെണ്ണം ദയാനിധിമാരന് നല്‍കണോ അതല്ല മകന്‍ അഴഗിരിക്ക് നല്‍കണോ എന്നാകാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് അറിയുന്നു.
ദയാനിധിയും അഴഗിരിയും തമ്മില്‍ കാബിനറ്റ് സ്ഥാനത്തിന് വേണ്ടി ഒരു മത്സരമുണ്ടായാല്‍ പാര്‍ട്ടി അഴഗിരിയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് സൂചന. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ നാല് കാബിനറ്റ് പദവികള്‍ ലഭിക്കാനായി ഡിഎംകെ അവസാനശ്രമങ്ങള്‍ നടത്തുന്നുണ്ട്.
കോണ്‍ഗ്രസിനെ പിണക്കിയാല്‍ സംസ്ഥാനത്ത് ഭരണം കൈമോശം വന്നേയ്‌ക്കുമെന്നുള്ളതിനാല്‍ വാശി ഉപേക്ഷിച്ച് ഏതെങ്കിലും ഒരു ഒത്തുതീര്‍പ്പു ഫോര്‍മുല അംഗീകരിക്കാന്‍ കരുണാനിധി നിര്‍ബ്ബന്ധിതനായിരിക്കുകയാണ്.
18 എംപിമാരുള്ള ഡിഎംകെ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാര്‍ വീഴില്ലെന്ന് മാത്രമല്ല തമിഴ്‌നാട് സര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്യും. കാരണം കോണ്‍ഗ്രസിലെ 34 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ ഡിഎംകെ സര്‍ക്കാറിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടും.












Click it and Unblock the Notifications