ഗവര്‍ണര്‍ക്കെതിരെ പിണറായി സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായി പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചേയ്‌ക്കും. സമാനമായ സംഭവങ്ങളില്‍ വിവിധ ഭരണഘടനാ ബഞ്ചുകള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്‌ടിക്കാട്ടിയായിരിക്കും പിണറായി ഹര്‍ജി നല്‍കുകയെന്ന് അറിയുന്നു.
ലാവലിന്‍ കേസ് കോടതിയില്‍ നേരിടുമെന്ന് പ്രഖ്യാപിച്ച സിപിഎം ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ നിയമജ്ഞരുടെയും ഭരണഘടനാ വിദഗ്‌ദ്ധരുടെയും ഉപദേശം തേടിയതായാണ് റിപ്പോര്‍ട്ട്.
ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ പിണറായിക്ക് ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാമെന്നാണ് നിയമവിദഗ്‌ദര്‍ ഉപദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ലാവലിന്‍ കേസില്‍ അന്വേഷണം തുടങ്ങിയെന്നതിനാല്‍ അവിടെനിന്ന് അനുകൂല നടപടിക്ക് സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് പിണറായി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച് ഭരണ ഘടനാ ബഞ്ചുകള്‍ വ്യത്യസ്‌ത വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്‌ട്. പ്രോസിക്യൂഷന്‍ കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാമെന്ന് അഞ്ചംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പിന്നീട് മറ്റൊരു കേസില്‍ സര്‍ക്കാരിന്റെ ഉപദേശം ഗവര്‍ണര്‍ മാനിക്കണമെന്നും ഏഴംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കുകയുണ്‌ടായി. ഈ ഉത്തരവുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചായിരിക്കും പിണറായി ഹര്‍ജി നല്‌കുക.
ഈ വാദം സുപ്രീംകോടതി അംഗീകരിച്ചാല്‍ കേസ് വിപുലമായ ഭരണഘടനാ ബഞ്ചിന് വിടാനും സാധ്യതയുണ്‌ട്. ഇങ്ങനെ വന്നാല്‍ വിചാരണകോടതിയില്‍ കേസ് താല്‍കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവുണ്ടാകുമെന്നും കരുതപ്പെടുന്നു. സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകരും ഭരണഘടനാ വിദഗ്‌ദ്ധരുമായ അഭിഭാഷകര്‍ പിണറായിക്ക് വേണ്ടി ഹാജരാകുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications