ഉപതിരഞ്ഞെടുപ്പ്: ഇടതിന് തിരിച്ചടി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളിലെ 26 വാര്‍ഡുകളിലേയ്‌ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. ഫലം അറിവായ 23 സീറ്റുകളില്‍ ആറെണ്ണം മാത്രമാണ് അവര്‍ക്ക് നേടാനായത്.
എല്‍ഡിഎഫില്‍ നിന്നും ആറു സീറ്റുകള്‍ പിടിച്ചെടുത്ത യുഡിഎഫ് പതിനാറിടത്ത് ജയിച്ചു. എല്‍ഡിഎഫിന്റെ ഒരു സീറ്റ് ബിജെപി സ്വന്തമാക്കിയിട്ടുണ്ട്.
മലപ്പുറത്ത് പൊന്നാനി നഗരസഭയില്‍ നാല്‍പതാം വാര്‍ഡ് യുഡിഎഫ് നിലനില്‍ത്തി. കോണ്‍ഗ്രസിലെ കല്ലുംമുക്കില്‍ ശശിധരനാണ് ഇവിടെ വിജയിച്ചത്. കോഡൂര്‍ പഞ്ചായത്തിലെ വെസ്റ്റ് കോഡൂരില്‍ മുസ്ലീം ലീഗിലെ എംടി ബഷീര്‍ 390 വോട്ടിന് ജയിച്ചു.
കുറ്റിപ്പുറം പഞ്ചായത്തില്‍ പതിനെട്ടാം വാര്‍ഡ് യുഡിഎഫ് നിലനില്‍ത്തി. നന്നംമുക്ക് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. ഊരകം പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്നു ഇവിടെ മത്സരിച്ചത്.
കോട്ടയം പാല കൊഴുവനാല്‍ ഏഴാം വാര്‍ഡില്‍ യുഡിഎഫിന്റെ ശ്രീധരന്‍ നായരും, തിരുവനന്തപുരം വിഴിഞ്ഞം പഞ്ചായത്തിലെ കോവളം വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്രന്‍ യു സുഗതനും ജയിച്ചു.
വിഴിഞ്ഞം പഞ്ചായത്തിലെ മുപ്പതാം വാര്‍ഡിലാണ് ബിജെപി ജയിച്ചിരിക്കുന്നത്. വിഴിഞ്ഞം വാര്‍ഡില്‍ ജയം യുഡിഎഫിനൊപ്പമായിരുന്നു.
കോഴിക്കോട് മുക്കം കാരശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ വാര്‍ഡ് സിപിഎം നിലനിര്‍ത്തി. വയനാട്ടില്‍ പുല്‍പ്പള്ളി കേളക്കവല വാര്‍ഡിലും പാലക്കാട് നഗരസഭയിലെ 22ാം വാര്‍ഡും കരിമ്പുഴ പഞ്ചായത്തിലെ നാലാം വാര്‍ഡും യുഡിഎഫ് സ്വന്തമാക്കി.
ആലപ്പുഴ ജില്ലയിലെ വെണ്‍മണി പഞ്ചായത്ത് പത്താം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടി. കേരള കോണ്‍ഗ്രസ് എമ്മിലെ ബി വര്‍ഗീസാണ് ഇവിടെ ജയിച്ചത്.
മാള കുഴൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡ് സിപിഎം സ്വന്തമാക്കി. തൃശൂര്‍ ആളൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലും എളവള്ളി ബ്രഹ്മകുളം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു.












Click it and Unblock the Notifications