5വയസ്സുകാരിയെ തലയറുത്ത് ബലിനല്‍കി
ലഖ്‌നൊ: ആണ്‍കുഞ്ഞുണ്ടാകുന്നതിനായി ദേവപ്രീതി നേടാന്‍ കര്‍ഷകന്‍ അഞ്ചു വയസ്സുകാരിയെ തലയറുത്ത് ബലിനില്‍കി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം നടന്നത്.
ഒരു മന്ത്രവാദിയുടെയും മറ്റൊരാളുടെയും സഹായത്തോടെയാണ് കര്‍ഷകന്‍ അയല്‍വാസിയായ കുട്ടിയെ പിടിച്ചുകൊണ്ടുവന്ന് ബലി നല്‍കിയത്. സംഭവമറിഞ്ഞ പൊലീസ് മൂന്നുപേരെയും അറസ്റ്റുചെയ്‌തിട്ടുണ്ട്.
ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതെന്ന് ലഖ്‌നൊ ഐജി എകെ ജയിന്‍ അറിയിച്ചു. മുര്‍ദിയ ഹേംസിങ് ഗ്രാമത്തിലുള്ള ഗയ പ്രസാദ് എന്നയാളുടെ മകളായ വന്ദനയാണ് കൊലചെയ്യപ്പെട്ടത്.
ചൊവ്വാഴ്‌ച രാവിലെ മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് കാണിച്ച് വന്ദനയുടെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തൊട്ടടുത്തുള്ള പ്രദേശത്തുനിന്നും വന്ദനയുടെ ശിരസ്സറ്റ ദേഹം കണ്ടെത്തിയത്.
കുട്ടിയുടെ ചെരുപ്പുകളും പൂജാ സാമഗ്രികളും സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഗയ പ്രസാദിന്റെ അയല്‍വാസിയായ മീവലാലിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് കുട്ടിയെ ബലിയര്‍പ്പിച്ചതാണെന്ന് കണ്ടെത്തിയത്.
കുട്ടിയെ കാണാനില്ലാത്ത സംഭവം പൊലീസില്‍ അറിയിച്ചതറിഞ്ഞ് മീവലാല്‍ തന്റെ മരുമകനുമൊത്ത് ഒളിച്ചോടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്‌തത്.
പിന്നീട് മീവലാല്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. തന്റെ സഹായിയായ യൂസഫ് എന്നയാള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് യൂസഫിനെയും പിടികൂടി.












Click it and Unblock the Notifications