പോള്‍ വധം: രണ്ട് പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജിന്‍റെ മകന്‍ പോള്‍ എം. ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വരുത്തിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.
തിരുവനന്തപുരം ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് ഗുണ്ടാ സംഘങ്ങളില്‍പ്പെട്ടവരാണിവരെന്ന് അറിയുന്നു. പോളിനൊപ്പമുണ്ടായിരുന്ന മനുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ് ഇരുവരും.
റെന്റ് എ കാര്‍, റിയല്‍ എസ്റ്റേറ്റ്, ബിസിനസുകളില്‍ ഇവര്‍ പങ്കാളികളായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചിലരെ ചോദ്യം ചെയ്‌തുവരികയാണെന്നും ഇവര്‍ക്ക് കൊലപാതകവുമായുള്ള ബന്ധത്തെക്കുറിച്ച് ഇപ്പോള്‍ നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ് പോലീസ്.
ഡ്രൈവര്‍ ഷിബുവിന്റെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മനുവിന്റെയും മൊഴികളിലെ വൈരുദ്ധ്യം കൊലപാതകത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. പോളിന്റെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു സുഹൃത്തുക്കളെ സംഭവസ്‌ഥലത്തുനിന്നു കാണാതായതും സംശയം വര്‍ധിപ്പിക്കുന്നു.
പേട്ടയില്‍ വര്‍ക്‌ഷോപ്പ് നടത്തുകയാണെന്നു പറയപ്പെടുന്ന മനു തിരുവനന്തപുരത്തുനിന്ന് എറണാകുളത്തു സാധനങ്ങള്‍ വാങ്ങാനെത്തിയതു പോളിന്റെ കാറിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് ആദ്യം നല്‍കിയ മൊഴി.
പോളിനെ നേരിട്ടു പരിചയമില്ലെന്നും സുഹൃത്ത് നൗഷാദ് വഴിയാണ് അടുപ്പമെന്നും പറഞ്ഞ മനു, പോളിന്റെ കാര്‍ എങ്ങനെ കൈവശമെത്തിയെന്ന ചോദ്യത്തിനു മറുപടി നല്‍കിയില്ല. ഇയാളുടെ പക്കലുണ്ടായിരുന്നെന്ന് അവകാശപ്പെട്ട സമയത്ത് കാര്‍ എറണാകുളത്തായിരുന്നെന്ന് അന്വേഷണത്തില്‍ പോലീസിനു വ്യക്‌തമായി.
അക്രമികളെത്തിയപ്പോള്‍ പൊങ്ങ ജംഗ്‌ഷനില്‍ താനും പോളും ഇറങ്ങിയോടിയെന്നും കുറച്ചുകഴിഞ്ഞു തിരിഞ്ഞുനോക്കിയപ്പോള്‍ പോളിനെ കണ്ടില്ലെന്നും തുടര്‍ന്നു താന്‍ ബോധംകെട്ട് പാടത്തേക്കു വീഴുകയായിരുന്നെന്നും പറഞ്ഞ മനു അതു പിന്നെയും തിരുത്തി.
കാറില്‍നിന്നു വലിച്ചിറക്കിയപ്പോള്‍ത്തന്നെ ബോധം നഷ്‌ടപ്പെട്ടെന്നാണ് ഒടുവില്‍ മനു പറഞ്ഞത്. പിന്നീട്, ആശുപത്രിയിലെത്തിയ ഐ.ജി. വിന്‍സന്‍ എം. പോള്‍ വിവരങ്ങളാരായുന്നതിനിടെ ഇയാള്‍ അബോധാവസ്‌ഥയിലായി. ഡ്രൈവര്‍ ഷിബു തോമസിന്റെ മൊഴിയിലുള്ള വൈരുദ്ധ്യവും പോലീസിനെ വലയ്‌ക്കുകയാണ്.












Click it and Unblock the Notifications