പ്രകാശും രാജേഷും സഞ്ചരിച്ച കാറുകള്‍ കസ്റ്റഡിയില്‍

രാജേഷിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വാനുകളും ഒരു കാറുമാണ് കസ്റ്റഡിയിലെടുത്തത്. പേട്ട സി.ഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഞായറാഴ്ച കാറുകള്‍ കണ്ടെടുത്തത്. ഇവ വഞ്ചിയൂര്‍ സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
ചവറയില്‍ ഉപേക്ഷിച്ച എന്‍ഡവറിലുണ്ടായിരുന്ന ബാഗുകള്‍ തിരുവനന്തപുരത്ത് എത്തിക്കാന്‍ ഉപയോഗിച്ച ക്വാളിസ് വാന്‍ ചെന്നിലോട് സ്വദേശി അനുരാജിന്റെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
അനുരാജും സഹോദരനും ചേര്‍ന്നാണ് ബാഗുകള്‍ കണ്ണമ്മൂലയില്‍ എത്തിച്ചത്. ഗുണ്ടാത്തലവന്‍മാര്‍ നാഗര്‍കോവിലിലേക്ക് യാത്രചെയ്‌തത് വാഗണ്‍ ആറിലായിരുന്നു. ഈ വാഹനം ചെന്നിലോട് ദന്താസ്‌പത്രിക്ക് സമീപമുള്ള ദീപുവിന്റെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ചെന്നിലോടുള്ള വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ നിന്നാണ് സില്‍വര്‍ നിറത്തിലുള്ള ക്വാളിസ് കണ്ടെടുത്തത്. ഈ വാഹനം ചെന്നൈയിലേക്കുള്ള യാത്രയ്‌ക്ക് ഉപയോഗിച്ചതായി പോലീസ് കരുതുന്നു.
ഇതിനിടെ പ്രകാശിനും രാജേഷിനുമായി പോലീസ് അന്യസംസ്‌ഥാനങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. ഇരുവരേയും രക്ഷപ്പെടാന്‍ സഹായിച്ചതിന്റെ പേരില്‍ പിടിയിലായ വേണുഗോപാല്‍ പോലീസിനോടു പറഞ്ഞതു രണ്ടുപേരും തീവണ്ടിയില്‍ ദില്ലിയ്ക്കു പോയെന്നാണ്. എന്നാല്‍ ഇവര്‍ ദില്ലിയില്‍ എത്തിയിട്ടില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്‌തമായിട്ടുണ്ട്.
അതിനാല്‍, മറ്റുനഗരങ്ങളിലും ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലുമാണു പോലീസ് ഊര്‍ജിതമായ തെരച്ചില്‍ നടത്തുന്നത്. ഡിവൈ.എസ്.പി. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലൂള്ള സംഘം ബാംഗ്ലൂരിലും ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുനെല്‍വേലിയിലും അന്വേഷണം നടത്തുന്നുണ്ട്.
പോള്‍ കൊല്ലപ്പെട്ട ദിവസം ഇവര്‍ക്കൊപ്പം വാഹനത്തില്‍ ഒരു സ്‌ത്രീ ഉണ്ടായിരുന്നെന്ന വാര്‍ത്ത പോലീസ് ഇനിയും സ്‌ഥിരീകരിച്ചിട്ടില്ല. ഗുണ്ടാനേതാക്കള്‍ രക്ഷപ്പെട്ട വാഹനത്തില്‍ നിന്നു സ്‌ത്രീകള്‍ ഉപയോഗിക്കുന്ന വസ്‌തുക്കള്‍ ലഭിച്ചെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറയുന്നത്.












Click it and Unblock the Notifications