ജാര്‍ഖണ്ഡില്‍ കാര്യങ്ങള്‍ ഷിബു തീരുമാനിക്കും

ജെ.എം.എം. നേതാവ് ഷിബു സോറന് ജാര്‍ഖണ്ഡ് തൂക്കു നിയമസഭയില്‍ രാജാവോ 'കിംഗ് മേക്കറോ' ആകും . 81 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് 23-ഉം , ബി.ജെ.പി. - ജെഡിയു സഖ്യത്തിന് 22 -ഉം സോറന്റെ ജെ.എം.എമ്മിന് 18 സീറ്റുകളും ലഭിച്ചു.
ആര്‍ജെഡി. അടക്കമുളള പാര്‍ട്ടികള്‍ക്ക് 18 സീറ്റുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷം ലഭിക്കാന്‍ പാര്‍ട്ടികള്‍ സോറനു പുറമേ നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
തങ്ങള്‍ ആരെയും പിന്തുണയ്‌ക്കില്ലെന്നും ഷിബു സോറനെ മുഖ്യമന്ത്രിയാക്കാന്‍ സഹായിക്കുന്നവരുമായി കൂട്ടുകൂടുമെന്നുമാണ് ജെഎംഎം പറയുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണമെന്നാണ് ബിജെപി പറയുന്നത്.
മതേതര പാര്‍ട്ടികള്‍ക്ക് യോജിക്കാന്‍ അവസരങ്ങള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ സുബോദ് കാന്ത് സഹായി പറഞ്ഞു. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയ്‌ക്കു ഏഴു സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കാനാണ് ആര്‍.ജെ.ഡിയ്‌ക്കു താല്‍പര്യം.
തങ്ങള്‍ക്ക് ഒരു പാര്‍ട്ടിയോടും അസ്‌പര്‍ശ്യതയില്ലെന്ന് ബി.ജെ.പിയും വ്യക്‌തമാക്കി. ഇരുകൂട്ടരുടെയും ലക്ഷ്യം ഷിബു സോറനാണെന്നതും വ്യക്തമാണ്.
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായ ഷിബു സോറന്‍ പരാജയപ്പെട്ടതാണ് ഝാര്‍ഖണ്ഡിനെ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. ഷിബു നിര്‍ദ്ദേശിച്ച പിന്‍ഗാമിയെ കോണ്‍ഗ്രസും ഘടക കക്ഷികളും സ്വീകരിച്ചില്ല.
തുടര്‍ന്ന് ജനുവരി 19ന് ഇവിടെ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ടു. മാസങ്ങള്‍ നീണ്ട രാഷ്‌ട്രപതി ഭരണത്തിനു ശേഷമാണ് തെഞ്ഞെടുപ്പു നടത്താന്‍ തീരുമാനമായത്. ഇതിനിടെ കോണ്‍ഗ്രസും ജെഎംഎമ്മുമായി ഇടഞ്ഞു. തുടര്‍ന്ന് ജെഎംഎമ്മിന് കേന്ദ്രമന്ത്രിസഭാ പ്രാതിനിധ്യം നഷ്‌ടമാകുകയും ചെയ്‌തു.












Click it and Unblock the Notifications