തച്ചങ്കരി: അപ്പീല്‍ വിശദവാദത്തിനായി മാറ്റി
കൊച്ചി: ഐ.ജി ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്റ് ചെയ്ത നടപടി സ്‌റ്റേ ചെയ്ത സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കാനായി മെയ് 17 ലേക്ക് മാറ്റി.
ജസ്റ്റിസ് തോമസ് പി. ജോസഫ്, പി. കെ അബ്ദുള്‍ഹക്കീം എന്നിവരടങ്ങിയ അവധിക്കാല ബഞ്ചാണ് വിശദവാദത്തിനായി ഹര്‍ജി മാറ്റിയത്.
മുഴുവന്‍ വിശദാംശങ്ങളും പരിഗണിക്കാതെയാണ് തച്ചങ്കരിയുടെ ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സര്‍ക്കാര്‍ നിലപാട്.
തച്ചങ്കരിയുടെ സര്‍വ്വീസ് ജീവിതം വിവാദങ്ങള്‍ നിറഞ്ഞതാണെന്ന് തിങ്കളാഴ്ച സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍വ്വീസ് കാലഘട്ടത്തിലുണ്ടായ മുഴുവന്‍ ആരോപണങ്ങളും സര്‍ക്കാര്‍ നല്‍കിയ 23 പേജുള്ള അപ്പീലില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ട്രൈബ്യൂണല്‍ ഉത്തരവു നിയമവിരുദ്ധവും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതും ഉദ്യോഗസ്ഥര്‍ക്കു തെറ്റായ സന്ദേശം നല്‍കുന്നതുമാണെന്നും റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വാദം വിശദമായി കേള്‍ക്കുന്നതിനായി കേസ് മാറ്റിവെച്ചത്. ഇതേസമയം പുനര്‍നിയമനം ആവശ്യപ്പെടില്ലെന്നും കേസ് പരിഗണിക്കും വരെ ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടില്ലെന്നും തച്ചങ്കരിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
അഡ്വക്കേറ്റ് ജനറല്‍ പിന്‍മാറിയതിനാല്‍ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാണ് കോടതിയില്‍ ഹാജരായത്.












Click it and Unblock the Notifications