നാട് വിറപ്പിച്ച മുന്‍ സൈനികനെ കൊലപ്പെടുത്തി
ബെയ്ജിങ്: വാടകവീടൊഴിയാന്‍ നിര്‍ബന്ധിച്ചതില്‍ ക്ഷുഭിതനായ മുന്‍ പട്ടാളക്കാരന്‍ പോലീസിനെയും നാട്ടുകാരെയും പത്ത് മണിക്കൂര്‍ നേരം മുള്‍മുനയില്‍ നിര്‍ത്തി.
തലങ്ങും വിലങ്ങും വെടിവെച്ച് ജനങ്ങളെ അങ്കലാപ്പിലാക്കിയ ഇയാളെ ഒടുവില്‍ പോലീസ് വെടിവെച്ചുകൊന്നു. ചൈനയിലെ ഗുവാങ് ദോങ് പ്രവിശ്യയില്‍ ബയണ്‍ ജില്ലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ നടന്നത്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ മുന്‍ പട്ടാളക്കാരന്‍ ചെന്‍ ഗുവോ ഷെങ്ങാണ് (40) വെടിവെപ്പ് നടത്തിയത്. വെടിയുണ്ടകളില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസ് ഉപമേധാവിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒരു വര്‍ഷമായി അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചുവരികയായിരുന്ന ചെന്നിനെ ഒഴിപ്പിക്കാന്‍ വീട്ടുടമസ്ഥനാണ് പോലീസിന്റെ സഹായം തേടിയത്.
പോലീസെത്തിയതും മുറിയില്‍ സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ച് ഇയാള്‍ വെടിവെപ്പ് തുടങ്ങി. ചെന്നിനെ നേരിടാന്‍ പോലീസ് പ്രത്യേക സംഘത്തെയും സേനയെയും വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒടുവില്‍ കണ്ണീര്‍വാതകം പ്രയോഗിച്ചശേഷം മുറി തകര്‍ത്താണ് പോലീസ് ഇയാളെ വെടിവെച്ചുകൊന്നത്. ചെന്നിന്റെ ഭാര്യ മൂന്നാഴ്ച മുമ്പ് ഇയാളെ ഉപേക്ഷിച്ച് പോയതാണത്രേ.












Click it and Unblock the Notifications