ആശ്രമത്തിലെ പീഡനം: നടത്തിപ്പുകാരനെതിരെ കേസ്
അഗളി: കൗണ്‍സിലിങിന് വന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് അട്ടപ്പാടി നരസിമുക്ക് അസീസി കാരുണ്യാശ്രമത്തിലെ മുഖ്യനടത്തിപ്പുകാരനെതിരെ കേസെടുത്തു.
എറണാകുളം സ്വദേശി റെക്‌സി ഡിക്രൂസിനെതിരെയാണ് അഗളി പോലീസ് കേസെടുത്തത്. പഞ്ചായത്തിന്റെയോ സര്‍ക്കാറിന്റെയോ അനുമതിയില്ലാതെ നരസിമുക്കില്‍ അഗതിമന്ദിരം നടത്തിയതിനും ഇവിടെവെച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചസംഭവത്തില്‍ കൂട്ടുപ്രതിയെന്ന നിലയിലുമാണ് കേസെടുത്തിട്ടുള്ളതെന്ന് അഗളി പൊലീസ് അറിയിച്ചു.
പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ റിമാന്‍ഡിലായ പാട്രിക് ജോര്‍ജിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ആശ്രമത്തിലെ പീഡനം സഹിക്കാനാവാതെ ജൂണ്‍ 19 ന് അഞ്ച് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതിനെത്തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ പുറംലോകമറിയുന്നത്.
ഇതേത്തുടര്‍ന്ന് നടത്തിപ്പുകാരായ പാട്രിക് ജോര്‍ജ്, ജോസി ജോര്‍ജ് എന്നിവരെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍, മുഖ്യനടത്തിപ്പുകാരനായ റെക്‌സിക്കെതിരെ പോലീസ് അന്ന് കേസെടുത്തിരുന്നില്ല. ഇതില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
ആശ്രമം അനധികൃതമെന്ന് കണ്ടതിനെത്തുടര്‍ന്ന് ഇവിടുത്തെ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ മുട്ടിക്കുളങ്ങര ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, മുതിര്‍ന്ന 16 ഓളം പേര്‍ ഇവിടെത്തന്നെയാണുള്ളത്. ഇവരെ മാറ്റുന്നതിന് സാമൂഹികക്ഷേമബോര്‍ഡ് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തീരുമാനം വൈകുകയാണ്.












Click it and Unblock the Notifications