പ്രൊഫസര്‍ ടിജെ ജോസഫ് ആശുപത്രി വിട്ടു

എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നിന്നും അദ്ദേഹം ശനിയാഴ്ച തൊടുപുഴയിലെ വീട്ടിലെത്തി. ശനിയാഴ്ച രാത്രിയിലാണ് ബന്ധുക്കള്‍ അദ്ദേഹത്തെ വീട്ടിലെത്തിച്ചത്.
കനത്ത സുരക്ഷയോടെ അതീവ രഹസ്യമായിട്ടാണ് എറണാകുളം സ്‌പെഷ്യലിസ്‌റ് ആശുപത്രിയില്‍ നിന്ന് ജോസഫിനെ ഇന്നലെ വൈകുന്നേരം വൈകിയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ആംബുലന്‍സില്‍ ഭാര്യ സെലിന്‍, സഹോദരി സിസ്റ്റര്‍ മരിയ സ്‌റെല്‌ള, മകന്‍ മിഥുന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാത്രി വീട്ടിലെത്തിയ ആംബുലന്‍സില്‍ നിന്ന് കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ തന്നെയാണ് അദ്ദേഹത്തെ കിടക്കയിലേക്ക് മാറ്റിയത്. കാണാന്‍ എത്തിയ അയല്‍ക്കാരോടും മാധ്യമ പ്രവര്‍ത്തകരോടും കിടക്കയില്‍ കിടന്ന് അദ്ദേഹം സംസാരിച്ചു.
കനത്ത പൊലീസ് കാവലിലാണ് ജോസഫിന്റെ വീട്. പത്തുദിവസത്തെ വിശ്രമത്തിനുശേഷം തുടര്‍ ചികിത്സയ്ക്കായി അദ്ദേഹം സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ തിരിച്ചെത്തണം.
അക്രമികള്‍ വെട്ടിമാറ്റിയ വലതു കൈപ്പത്തി തുന്നിച്ചേര്‍ത്തു പ്‌ളാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. പ്‌ളാസ്റ്റര്‍ നീക്കണമെങ്കില്‍ ഒരുമാസം കഴിയണം. അതിനുശേഷം ഫിസിയോ തെറപ്പി ആരംഭിക്കും. വെട്ടേറ്റ ഇടതു കയ്യിലും ഇടതു കാലിലും ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.
പത്തുദിവസം കഴിഞ്ഞ് ഈ മുറിവുകളിലെ സ്റ്റിച്ചുകള്‍ നീക്കും. അസ്ഥികള്‍ക്കു പൊട്ടലുള്ളതിനാല്‍ പ്‌ളാസ്റ്ററിടും. വലതു കൈപ്പത്തിയുടെ പ്രവര്‍ത്തനശേഷി ഏറെക്കുറെ തിരിച്ചുകിട്ടുമെന്നു ചികിത്സയ്ക്കു നേതൃത്വം നല്‍കുന്ന ഡോ.ആര്‍. ജയകുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.


Click it and Unblock the Notifications