നാടും നഗരവും ഓണത്തിമിര്‍പ്പില്‍

ഞായാറാഴ്ചത്തെ ഉത്രാടപാച്ചിലില്‍ ഓണസദ്യയ്ക്കും ആഘോഷത്തിനുമുള്ള വട്ടങ്ങള്‍ മലയാളി ഒരുക്കിക്കഴിഞ്ഞു. തിരുവോണം പ്രമാണിച്ച് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകള്‍ നടക്കുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം, പദ്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നുണ്ട്. തൃക്കാക്കരയപ്പന്റെ സന്നിധിയിലും ഒട്ടേറെ ഭക്തജനങ്ങള്‍ എത്തുന്നുണ്ട്.
വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ഓണക്കളികളും പൊടിപൊടിയ്ക്കും. തുമ്പിതുള്ളലും കാല്‍പന്തുകളിയും ഊഞ്ഞാലാട്ടവും പുലിക്കളിയുമൊക്കെ നാട്ടിന്‍പുറങ്ങളെ ഓണത്തിമിര്‍പ്പിലാഴ്ത്തും.
ഓണത്തോടനുബന്ധിച്ച വന്‍തിരക്കാണ് കഴിഞ്ഞ ദിവസം വിപണികളില്‍ അനുഭവപ്പെട്ടിരുന്നത്. പച്ചക്കറി, വസ്ത്ര, ആഭരണ, ഗൃഹോപകരണ വിപണികളില്‍ വന്‍കച്ചവടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.
വിലക്കയറ്റം ആഘോഷത്തിന്റെ തിളക്കം കുറയ്ക്കുമെന്ന് ശങ്കയുണ്ടായിരുന്നുവെങ്കിലും വിപണിയിലെ തിരക്ക് അതെല്ലാം അസ്ഥാനത്താക്കിയിരിക്കുകയാണ്.
കാലവും കോലവും എത്ര മാറിയാലും ഓണമെന്നും മലയാളിയുടെ പ്രിയപ്പെട്ട ഗൃഹാതുരത്വങ്ങളിലൊന്നായി തുടരും. പൂക്കളമിട്ടും ഓണക്കോടിയുടുത്തും സദ്യയൊരുക്കിയും മാവേലി നാടിന്റെ ഓര്‍മ്മകള്‍ അവര്‍ ഒരിയ്ക്കല്‍ കൂടി പുതുക്കുകയാണ്. സമൃദ്ധിയുടെയും സഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കൊണ്ടാടുന്ന എല്ലാ മലയാളികള്‍ക്കും ദറ്റ്‌സ്മലയാളത്തിന്റെ ഓണാശംസകള്‍.












Click it and Unblock the Notifications