ചെന്നൈയില്‍ പൈപ്പില്‍ നിന്നും പണമൊഴുക്ക്
ചെന്നൈ: കുഴല്‍പ്പണമെന്ന് പറയാറുണ്ടെങ്കലും പണം ഒരിയ്ക്കലും കുഴലിലൂടെ വരില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ചെന്നൈയില്‍ കഴിഞ്ഞ ദിവസം തെരുവിലെ ജലവിതരണക്കുഴലിലൂടെ പുറത്തുവന്നത് അസ്സല്‍ കറന്‍സി നോട്ടുകള്‍. വെള്ളത്തിന് പകരം പണമൊഴുക്കിയത് വാട്ടര്‍ അതോറിറ്റിക്കാരൊന്നുമല്ല, ഏതോ കള്ളന്‍മാരാണെന്ന് മാത്രം.
ചൈന്നൈയിലെ വ്യാസര്‍പാടി പാലത്തിന് സമീപമാണ് കുഴല്‍പ്പണ സംഭവം അരങ്ങേറിയത്. ആന്ധ്രാപ്രദേശില്‍ നിന്നും തടി കയറ്റി വന്ന ലോറി ഒരു പൈപ്പ് ലൈന്‍ ഇടിച്ച് തകര്‍ത്തതോടെയാണ് അദ്ഭുത സംഭവം അരങ്ങേറിയത്.
തകര്‍ന്ന പൈപ്പില്‍ നിന്നും വെള്ളത്തിന് പകരം ഇരുപതിന്റെയും അമ്പതിന്റെയും നൂറിന്റെയും നോട്ടുകളാണ് പുറത്തേക്ക് വന്നത്. സംഭവം കാട്ടുതീ പോലെ പരന്നതോടെ നോട്ടുകള്‍ വാരാന്‍ നാട്ടുകാര്‍ കൂട്ടംകൂട്ടമായെത്തി. ഇതോടെ ഈ വഴിയുള്ള ഗതാഗതവും സ്തംഭിച്ചു.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് അദ്ഭുതത്തിന്റെ ചുരുളഴിഞ്ഞത്. ഏതോ കള്ളന്‍മാര്‍ ഉപയോഗശൂന്യമായ പൈപ്പിനകത്ത് നോട്ടുകള്‍ ഒളിപ്പിച്ചു വച്ചതായിരുന്നുവെന്നും പൈപ്പ് ലോറി ഇടിച്ച് തകര്‍ത്തത്തോടെ നോട്ടുകള്‍ പുറത്തുവരുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ഏകദേശം 5000 രൂപയോളം പൈപ്പില്‍ നിന്ന് പുറത്തു വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൈപ്പില്‍ നിന്ന് നോട്ടു വരവ് നിലച്ചപ്പോള്‍ ചില വിരുതന്മാര്‍ പൈപ്പ് മുഴുവന്‍ തകര്‍ക്കാനും ശ്രമം നടത്തി.
റെയില്‍വെ പാലത്തിന് സമീപം നടന്ന സംഭവമായതിനാല്‍ കൊരുക്കുപേട്ട റെയില്‍വെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൈപ്പ് ഇടിച്ചു തകര്‍ത്തതിന് ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.












Click it and Unblock the Notifications