കിങ്ഫിഷറില്‍ നിന്നും പൈലറ്റുമാരുടെ കൂട്ടരാജി
മുംബൈ: വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ നിന്ന് അമ്പതോളം പൈലറ്റുമാര്‍ രാജിവെച്ച് ജെറ്റ് എയര്‍വേസില്‍ ചേര്‍ന്നു.
നരേഷ് ഗോയലിന്റെ ഉടമസ്ഥയിലുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാരുടെ ക്ഷാമം പരിഹരിയ്ക്കാനാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. കിങ്ഫിഷറില്‍ നിന്നും പറന്നുപോയ പൈലറ്റുമാരില്‍ 29 പേര്‍ ജെറ്റില്‍ ഡ്യൂട്ടിയ്ക്ക് കയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം മുതലുണ്ടായിരുന്ന വ്യോമയാന രംഗത്തെ മാന്ദ്യത്തെ തുടര്‍ന്ന് കിങ്ഫിഷര്‍ അവധിയില്‍ പ്രവേശിപ്പിച്ചിരുന്ന പൈലറ്റുമാരാണ് ജെറ്റില്‍ ചേക്കേറിയിരിക്കുന്നത്.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജെറ്റ് എയര്‍വെയ്‌സ് ഇത്രയധികം പൈലറ്റുമാരെ ഒരുമിച്ച് റിക്രൂട്ട് ചെയ്യുന്നത്. വര്‍ഷാവസാനത്തോടെ ജെറ്റ് 100 പൈലറ്റുമാരെ കൂടി റിക്രൂട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications