ഡെപ്യൂട്ടി സ്ഥാനപതി മാനഭംഗപ്പെടുത്തി: ജോലിക്കാരി
ദില്ലി: കെനിയയിലെ മുന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വീട്ടുവേലക്കാരി ലൈംഗിക പീഡന പരാതിയുമായി രംഗത്ത്.
കെനിയയലെ മുന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന കേതന്‍ ശുക്ലയുടെ 21കാരിയായ വീട്ടുവേലക്കാരിയാണ് മൂന്നു വര്‍ഷത്തോളം താന്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
2007 ഫെബ്രുവരിയിലാണ് താന്‍ ശുക്ല, അദ്ദേഹത്തിന്റെ ഭാര്യ, രണ്ടുമക്കള്‍ എന്നിവര്‍ക്കൊപ്പം കെനിയയിലേയ്ക്ക് പോവുകയും അവിടെ അവരുടെ വേലക്കാരിയായി ജോലി തുടങ്ങുകയും ചെയ്തതെന്ന് ഈ സ്ത്രീ പറയുന്നു.
ദില്ലിയിലെ മോത്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. സ്ത്രീയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ലൈംഗിക പീഡനം, ചൂഷണം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍, ശംബളം പിടിച്ചുവെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് കേതന്‍ ശുക്ലയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയായിരുന്ന ഈ സ്ത്രീ വനിതാ കമ്മീഷനില്‍ പരാതിയുമായി എത്തിയത്. താന്‍ കെനിയയില്‍ എത്തി മൂന്നുമാസത്തിനുള്ളില്‍ ശുക്ല പീഡനം തുടങ്ങിയിരുന്നുവെന്നും വീട്ടില്‍ മറ്റുള്ളവര്‍ ഇല്ലാത്ത അവസരത്തില്‍ പലപ്പോഴായി തന്നെ മാനഭംഗപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളുമെല്ലാം ഇയാളുടെ പക്കലായിരുന്നുവത്രേ. കെനിയയില്‍ അടുത്തതായി താമസിച്ചിരുന്ന ഇന്ത്യന്‍ കുടുംബങ്ങളോട് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും അവര്‍ക്കെല്ലാം ശുക്ലയ്‌ക്കെതിരെ പ്രതികരിക്കാന്‍ മടിയായിരുന്നുവെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications