ഗൗരിയമ്മയുടെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കില്ല
ആലപ്പുഴ: യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന ജെഎസ്എസ് നേതാവ് ഗൗരിയമ്മയുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കില്ലെന്ന് സൂചന.
ഇതോടെ ഗൗരിയമ്മ യുഡിഎഫ് വിടുമെന്ന് ഏതാണ്ട് തീര്‍ച്ചയായി. ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ നടത്തിയ ചര്‍ച്ചയില്‍ ഗൗരിയമ്മ ഉന്നയിച്ച ആവശ്യങ്ങളോടു കാര്യമായി പ്രതികരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റ തീരുമാനം.
തങ്കച്ചനുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് ഗൗരിയമ്മ ഉന്നയിച്ചത്. ഈ ആവശ്യങ്ങളില്‍ മിക്കതും കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളാണ്. അതിനാല്‍തന്നെ ഇത്തരം വിഷയങ്ങള്‍ ഗൗരിയമ്മയുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
അരൂരില്‍ താന്‍ തോല്‍ക്കാന്‍ കാരണക്കാരനായ കെപിസിസി സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ ഹാജിയെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നാണ് ഗൗരിയമ്മയുടെ ഒരു ആവശ്യം. എന്നാല്‍ ഇതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ഈ സാഹചര്യത്തില്‍ ഗൗരിയമ്മയുടെ നേത്യത്വത്തിലുളള ജെഎസ്എസും കോണ്‍ഗ്രസുമായി യോജിച്ചുപോകാനുളള സാധ്യത വളരെക്കുറവാണെന്നാണ് വിലയിരുത്തല്‍.
ഗൗരിയമ്മയുടെ ആവശ്യങ്ങള്‍കേട്ട തങ്കച്ചന്‍ തനിക്കു സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷനേതാവിന്റെയും കെ.പി.സി.സി. പ്രസിഡന്റിന്റെയും ശ്രദ്ധയില്‍പ്പെടുത്താമെന്നും മാത്രമാണു കൂടിക്കാഴ്ചക്കിടെ പറഞ്ഞത്.
അടുത്ത മാസം ഒന്‍പതിനുചേരുന്ന ജെഎസ്എസ് പാര്‍ട്ടി പ്ലീനം യുഡിഎഫ് ബന്ധം തുടരണമോ എന്നതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കും.












Click it and Unblock the Notifications