പെന്‍ഷന്‍ കിട്ടാന്‍ രണ്ട് വര്‍ഷം സര്‍വീസ് മതി !
തിരുവനന്തപുരം: വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ടി വരുന്ന പെന്‍ഷനാണ് സര്‍ക്കാരിന്റെ ചെലവില്‍ വലിയൊരു ശതമാനമെന്നാണ് ധനമന്ത്രിയുടെ വിലാപം. അത് തുടരുമ്പോഴും ആ ചെലവ് കൂട്ടാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് കുറവൊന്നുമില്ല.
മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വ്യവസ്തകള്‍ ആകര്‍ഷണീയമാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കഴിഞ്ഞ ദിവസം എടുത്തത്. മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫിലുള്ളവര്‍ രണ്ടു വര്‍ഷവും ഒരു ദിവസവും ജോലിചെയ്താല്‍ ആജീവനാന്ത പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും കിട്ടും. ഇത് വഴി രാഷ്ട്രീയ ബന്ധമുള്ളവര്‍ക്ക് മാത്രം കിട്ടുന്ന പെന്‍ഷന്‍ ആകര്‍ഷമാവുകയാണ്.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൊതു പണം ചെലവാക്കുന്നതിന് നിയന്ത്രണം പാലിയ്ക്കേണ്ട മന്ത്രിമാര്‍ തന്നെയാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിയ്ക്കുന്നത്. ഒരുപക്ഷേ തുക ചെറുതാണെങ്കില്‍ പോലും ഈ നീക്കം ആശയപരമായി ശരിയായതല്ല. ഇത് ജനങ്ങളുടെ പണം ധൂര്‍ത്തടിയ്ക്കലാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍, കമ്മ്യൂട്ടേഷന്‍ വ്യവസ്ഥകളേക്കാള്‍ മികച്ചതാണ് പേഴ്സനല്‍ സ്റ്റാഫിലെ ജീവനക്കാര്‍ക്കുള്ള ഈ പുതിയ വ്യവസ്ഥകള്‍. മന്ത്രിമാര്‍ക്കുപുറമെ പ്രതിപക്ഷനേതാവിന്റെയും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും നിയമസഭയിലെ ധനകാര്യസമിതികളുടെ അധ്യക്ഷന്‍മാരുടെയും സ്റ്റാഫിനും ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.
പേഴ്സനല്‍ സ്റ്റാഫിലെ നിയമനങ്ങള്‍ രാഷ്ട്രീയ മാനദണ്ഡം വച്ചാണ് നടത്തുക. ഇവര്‍ക്ക് അടിസ്ഥാന യോഗ്യത വേണ്ട, യോഗ്യതാ നിര്‍ണയ പരീക്ഷയും വേണ്ട. മൂന്നുവര്‍ഷമാണ് പെന്‍ഷന്‍ കിട്ടാന്‍ വേണ്ട ഏറ്റവും കുറഞ്ഞ സേവനകാലം. രണ്ടു വര്‍ഷവും ഒരു ദിവസവും സര്‍വീസുണ്ടെങ്കില്‍ അത് മൂന്നുവര്‍ഷമായി കണക്കാക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ കിട്ടാന്‍ ഏറ്റവും കുറഞ്ഞത് പത്തുവര്‍ഷത്തെ സര്‍വീസ് വേണം. പേഴ്സനല്‍ സ്റ്റാഫില്‍ അംഗമാവുന്നവരില്‍ ഏറെ പേരും യുവാവായിരിയ്ക്കുമ്പോള്‍ തന്നെ പെന്‍ഷന്‍ വാങ്ങാന്‍ യോഗ്യരാവും. വേറെ സര്‍ക്കാര്‍ ജോലി സ്വീകരിച്ചാല്‍ മാത്രമേ ഈ പെന്‍ഷന്‍ കിട്ടുന്നത് പ്രശ്നമാവു. വളരെ നേരത്തേ തന്നെ പെന്‍ഷന്‍ കിട്ടുന്നതുകൊണ്ട് ഇവര്‍ക്ക് ദീര്‍ഘകാലം പെന്‍ഷന്‍ നല്‍കേണ്ടി വരുന്നു. ഇത് സര്‍ക്കാരിന് അധിക ചെലവുണ്ടാക്കുന്നതാണ്. ശരാശരി ജീവിതകാലം 70 എന്ന് കണക്കിയാല്‍ 40 വര്‍ഷത്തോളം ഇവര്‍ക്ക് പൊതു ഖജനാവില്‍ നിന്ന് പെന്‍ഷന്‍ നല്‍കേണ്ടി വരും.
1982 ഏപ്രില്‍ ഒന്നുമുതലാണ് ഇവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ആദ്യം നൂറുരൂപയായിരുന്നെങ്കിലും 2006ല്‍ ഇത് 600രൂപയാക്കി കൂട്ടി. ഇതേ തീയതിയിലും ശേഷവും സര്‍വീസിലുണ്ടായിരുന്നവരുടെ ആശ്രിതര്‍ക്കാണ് ഇപ്പോള്‍ 600 രൂപ വീതം കുടുംബപെന്‍ഷന്‍ അനുവദിച്ചിട്ടുള്ളത്. മന്ത്രിമാരുടെ സ്റ്റാഫിലെ ഏറെപേരും രാഷ്ട്രീയ പരിഗണന വച്ച് നിയമിയ്ക്കപ്പെടുന്നവരാണ്.
പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ ജീവനക്കാക്കാര്‍ക്ക് തുല്യമായ രീതിയാണ് യാതൊരു നിയമന മാനദണ്ഡങ്ങളും ഇല്ലാതെ ജോലി ലഭിയ്ക്കുന്ന ഇവര്‍ക്കും ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. പെന്‍ഷന്‍ തുക മുന്‍കൂര്‍ കിട്ടാനുള്ള സംവിധാനമാണ് കമ്മ്യൂട്ടേഷന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ ഭാഗ്യം കിട്ടണമെങ്കില്‍ 55 വയസ്സുവരെ കാത്തിരിയ്ക്കണം. എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്ക് കമ്യൂട്ടേഷന് വയസ്സ് ബാധകമല്ല. 25 വയസ്സില്‍ പെന്‍ഷന് യോഗ്യത നേടിയാല്‍ അപ്പോള്‍മുതല്‍ കമ്യൂട്ടേഷനും യോഗ്യത നേടും. ഈ വിഭാഗത്തിലെ പെന്‍ഷന്‍കാര്‍ക്കും കുടുംബപെന്‍ഷന്‍കാര്‍ക്കും മാസം 100 രൂപ ചികിത്സാസഹായവും പുതിയ ഉത്തരവനുവദിച്ച് ലഭിയ്ക്കും.
മന്ത്രിമാര്‍ക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഏറെപേരും ചുരുങ്ങിയ സര്‍വീസ് മാത്രം ഉള്ളവരാണ്. എന്നാല്‍ പതിറ്റാണ്ടുകള്‍ വിവിധ മന്ത്രിമാര്‍ക്കൊപ്പം ജോലി ചെയ്ത ആളുകളുമുണ്ട്. തങ്ങളുടെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം കിട്ടാനായി പലപ്പോഴും മന്ത്രിമാര്‍ പെന്‍ഷന്‍ വേണ്ട കാലാവധി പൂര്‍ത്തിയാക്കിയാല്‍ പേഴ്സനല്‍ സ്റ്റാഫിലെ അംഗങ്ങളെ മാറ്റും. ഒരു ഭരണകാലത്ത് പെന്‍ഷന് അര്‍ഹമായ കാലാവധിവരെ ജോലികിട്ടിയില്ലെങ്കില്‍ മറ്റൊരു ഭരണകാലത്ത് ശേഷിച്ചകാലം ജോലിചെയ്താല്‍ മതിയാവും.
2009 ആഗസ്തുവരെ 1522 പേരായിരുന്നു പെന്‍ഷന്‍ വാങ്ങിയിരുന്നത്. പൊതു ഖജനാവില്‍ നിന്ന് ഒന്നര കോടിയിലേറെ രൂപയാണ് എല്ലാ വര്‍ഷവം ഇതിനായി ചെലവാക്കുന്നത്.












Click it and Unblock the Notifications