നേത്രാവതിയില്‍ സ്ത്രീകള്‍ക്കുനേരെ കയ്യേറ്റം
കൊല്ലം: പാസഞ്ചര്‍ തീവണ്ടിയില്‍ ലൈംഗികപീഡനത്തിനിരയായ ഷൊര്‍ണൂര്‍ സ്വദേശിനി മരിച്ചതിന് പിന്നാലെ തീവണ്ടിയില്‍ സ്ത്രീകള്‍ക്കെതിരെ വീണ്ടും അതിക്രമം റിപ്പോര്‍ട്ട് ചെയ്തു.
മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസിലാണ് സ്ത്രീകള്‍ക്കെതിരെ അതിക്രമം നടന്നത്. സ്ത്രീകളെ ഉപദ്രവിച്ച മൂംബൈ നിവാസികളായ മൂന്ന് മലയാളികളെ സിആര്‍പിഎഫ് ഭടന്മാര്‍ കൊല്ലത്തുവച്ച് പിടികൂടി.
സ്ലീപ്പര്‍ കോച്ചില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ബോഗിയില്‍നിന്ന് തള്ളിയിറക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് ഇവരെ പിടികൂടിയത്.
മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഗോപാലകൃഷ്ണന്‍ നായര്‍(58), ജികെവിപിള്ള(70), കെഎന്‍ആര്‍ നായര്‍(65) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകീട്ട് 6 മണിയോടെ കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തിയ തീവണ്ടിയില്‍നിന്നാണ് ഇവരെ പിടികൂടിയത്.
തിരുവനന്തപുരത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതാണ് ഇവരെന്ന് അധികൃതര്‍ പറഞ്ഞു. എറണാകുളത്തുനിന്ന് സ്ലീപ്പര്‍ ടിക്കറ്റെടുത്ത് തീവണ്ടിയില്‍ കയറിയ സ്ത്രീകളോടാണ് ഇവര്‍ അപമര്യാദയായി പെരുമാറിയത്.
റിസര്‍വേഷന്‍ കോച്ചായതിനാല്‍ മറ്റാരും ഇതില്‍ കയറരുതെന്ന് പറഞ്ഞ് പറഞ്ഞ് ഇവര്‍ സ്ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം നടത്തുകയും ചെയ്തു.
ചില യാത്രക്കാര്‍ ശല്യം സഹിക്കാനാവാതെ കായംകുളം സ്‌റ്റേഷനിലിറങ്ങി കോച്ച് മാറിക്കയറി. ആര്‍പിഎഫിന് ഇതുസംബന്ധിച്ച് പരാതി കിട്ടിയതിനെത്തുടര്‍ന്ന് കൊല്ലം ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.
പിടിയിലായവരില്‍ രണ്ടുപേരെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. ഒരാളെ തിങ്കളാഴ്ച റെയില്‍വേ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications