യുഎസില്‍ പീഡനം: 82കാരന്‍ സ്വാമി കുറ്റക്കാരന്‍
വാഷിങ്ടണ്‍: ആശ്രമം അന്തേവാസികളായ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മഠാധിപനായ സ്വാമി കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി. ടെക്‌സാസ് സംസ്ഥാനത്തെ ആസ്‌റിനിലെ 'ബര്‍സാന ധം' എന്ന ആശ്രമത്തിന്റെ അധിപനായ എണ്‍പത്തിരണ്ടുകാരന്‍ സ്വാമി പ്രകാശാനന്ദ സരസ്വതിയെയാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്.
200 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 'ബര്‍സാന ധം' ആശ്രമത്തിന്റെ ഉടമസ്ഥനായ സ്വാമിക്ക് അമേരിക്കയിലെമ്പാടും ആരാധകരുണ്ട്. സ്വാമി നിഷ്‌കളങ്കനാണെന്നും വിധിയില്‍ നിരാശയുണ്ടെന്നും ആശ്രമം വക്താവ് അമന്‍ അഗര്‍വാള്‍ പറഞ്ഞു.
ശ്യാമ റോസ് (30), വത്സ ടോണിസ (27) എന്നീ യുവതികളാണ് സ്വാമിക്കെതിരെ ആദ്യം പരാതി നല്‍കിയത്. 12 വയസ്സുള്ളപ്പോള്‍മുതല്‍ സ്വാമി ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി ഇവര്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് 2008 ഏപ്രിലില്‍ സ്വാമിയെ അറസറ്റ് ചെയ്ത് 10 ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടു. ഈയിടെ കാത് ടോണിസ (31) എന്ന യുവതിയും സ്വാമിക്കെതിരെ രംഗത്തുവന്നു. സ്വാമിക്കെതിരെ 20 കുറ്റമാണ് ചുമത്തിയത്. 20 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവ ഓരോന്നു.
ശ്രീ സ്വാമിജി എന്നറിയപ്പെടുന്ന ഇദ്ദേഹം 1990ലാണ് ആശ്രമം സ്ഥാപിച്ചത്. ആരോപണം ഉന്നയിച്ച പെണ്‍കുട്ടികള്‍ 1995 മുതല്‍ ആശ്രമം അന്തേവാസികളായിരുന്നു. ഇവരുടെ മാതാപിതാക്കളും ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്. മാര്‍ച്ച് 7ന് കേസില്‍ കോടതി വിധി പ്രസ്താവിയ്ക്കും.












Click it and Unblock the Notifications