കരുണാകരനൊപ്പം നിന്നവരെ വെട്ടിനിരത്തി: പത്മജ
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ തുടരുന്നു. ഏറ്റവുമൊടുവില്‍ കരുണാകരന്റെ പുത്രിയും പാര്‍ട്ടി നേതാവുമായ പത്മജയാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കരുണാകരനൊപ്പം നിന്നവരെ വെട്ടിനിരത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയതെന്ന് പത്മജ വേണുഗോപാല്‍. ഇതില്‍ സങ്കടമുണ്ടെന്നും ഇത്രവേഗം മറക്കാവുന്ന ഒരു നേതാവാണോ കരുണാകരനെന്നും പത്മജ ചോദിച്ചു. ഇത് കരുണാകരന്റെ ആത്മാവ് പൊറുക്കില്ല. സ്ഥാനാര്‍ഥി പട്ടികയില്‍ തഴയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ കരുണാകര അനുകൂലികളുടെ യോഗം ചേര്‍ന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പത്മജ.
അതേ സമയം മുന്നണിയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ താനോ തന്റെ കൂടെ നില്‍ക്കുന്നവരോ പ്രവര്‍ത്തിക്കില്ലെന്നും അവര്‍ പറഞ്ഞു. സ്ഥാനാര്‍ഥികളുടെ പട്ടിക താന്‍ നേതൃത്വത്തിന് നല്‍കിയപ്പോള്‍ അനുകൂല നിലപാടാണ് ഹൈക്കമാന്‍ഡില്‍ നിന്നുള്‍പ്പെടെ ലഭിച്ചത്. പിന്നീട് എവിടെ വെച്ചാണ് ഈ പട്ടിക വെട്ടിമാറ്റപ്പെട്ടതാണെന്ന് അറിയില്ല. പതിനാല് സീറ്റാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. അതില്‍ ഒന്നുപോലും ലഭിച്ചില്ല. കരുണാകരന്‍ അന്ത്യവിശ്രമം കൊള്ളുന്ന തൃശൂരില്‍ പോലും സീറ്റ് നല്‍കിയില്ല.
സാധ്യതാപട്ടികയില്‍ തന്റെയും മുരളിയുടെയും പേര് ഒരു മണ്ഡലത്തില്‍ ഇട്ടത് തമ്മില്‍ തെറ്റിക്കാനാണെങ്കില്‍ ആ ശ്രമം വിജയിക്കില്ല. പട്ടിക സംബന്ധിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നും പത്മജ പറഞ്ഞു












Click it and Unblock the Notifications