വോട്ട് പരസ്യത്തിലുള്ള മോഹന്‍ലാല്‍ വോട്ടുചെയ്തില്ല

ദുബയില്‍ നിന്നെത്തിയാണ് ദിലീപ് വോട്ടുചെയ്തത്. ലണ്ടനിലായതിനാല്‍ മമ്മൂട്ടിയ്ക്ക് വോട്ടുചെയ്യാനെത്താന്‍ കഴിഞ്ഞില്ല. മോഹന്‍ലാലിന്റെ അസൗകര്യം എന്തായിരുന്നുവെന്ന് വ്യക്തമല്ലെങ്കിലും ചാനല്‍ പരസ്യത്തിലൂടെ നാട്ടുകാരെ വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്ത താരം വോട്ടുചെയ്തില്ലെന്ന കാര്യം കൗതുകമായി.
മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിലാണ് മോഹന്‍ലാല്‍ വോട്ട് പൗരാവകാശമാണെന്നും അത് പാഴാക്കരുതെന്നും ആഹ്വാനം ചെയ്തത്, വോട്ടു ദിവസം ചാനലുകളായ ചാനലുകളെല്ലാം ഈ പരസ്യം കാണിക്കുകയും ചെയ്തു. പക്ഷേ ആഹ്വാനം ചെയ്തതല്ലാതെ ലാല്‍ വോട്ടിനെത്തിയില്ല.
ആലുവയിലെ തോട്ടക്കാട്ടുകര അംഗന്‍വാടിയിലെ 71ാം നമ്പര്‍ ബൂത്തിലാണ് ദിലീപ് അമ്മയ്ക്കും സഹോദരനുമൊപ്പം വോട്ട് ചെയ്തത്്. രാവിലെ പത്തിന് ദുബായിയില്‍ നിന്നു നെടുമ്പാശേരിയിലെത്തിയ ദിലീപ് ആലുവയിലെ വീട്ടിലെത്തി വിശ്രമിച്ചശേഷമാണ് പോളിംഗ് ബൂത്തിലെത്തിയത്.
തിരക്കു കുറവായതിനാല്‍ അല്‍പ്പനേരം മാത്രമേ ക്യൂവില്‍ നില്‍ക്കേണ്ടി വന്നുള്ളൂ.അവധി ആഘോഷിക്കാനായി തൃശൂരിലേക്കു പോയ ഭാര്യ മഞ്ജു വാര്യര്‍ വോട്ട് ചെയ്യാനെത്തിയില്ല.
സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ചിപ്പി, പ്രിയങ്ക തുടങ്ങിയവര്‍ തലസ്ഥാനത്തെ പോളിംഗ് സ്‌റ്റേഷനുകളിലെത്തി വോട്ട് രേഖപ്പെടുത്തി.












Click it and Unblock the Notifications