എന്‍ഡോസള്‍ഫാന്‍ നിരോധനം; കേന്ദ്രം വഴുതുന്നു
ദില്ലി: എന്‍ഡോസള്‍ഫാന്‍ നിരോധന കാര്യത്തില്‍ പുതിയ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ അറിയിച്ചു.
നിരോധന കാര്യത്തില്‍ ഉറപ്പു നല്‍കാതിരുന്ന പ്രധാനമന്ത്രി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിച്ചുവെന്ന് സംഘത്തെ നയിച്ച ആരോഗ്യമന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. എന്നാല്‍ സംഘത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയെ ന്യായീകരിച്ചു. പ്രധാനമന്ത്രി പ്രശ്‌നം പഠിക്കാന്‍ സമയം വേണമെന്ന് പറയുക മാത്രമാണ് ചെയ്തതെന്ന് തലേക്കുന്നില്‍ ബഷീര്‍ പറഞ്ഞു.
ജനീവയില്‍ നടക്കുന്ന സ്‌റ്റോക് ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം ഉന്നയിക്കമെന്ന് ആവശ്യപ്പെട്ടു സര്‍വകക്ഷിസംഘം ഇന്നലെയാണു പ്രധാനമന്ത്രിയെ കണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു നിവേദനം നല്‍കുകയും ചെയ്തു.
താന്‍ വ്യക്തിപരമായി എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്നില്ലെന്ന് പധാനമന്ത്രി സര്‍വകക്ഷി സംഘത്തോട് പറഞ്ഞു. ആദ്യമായാണ് ഈ പ്രശ്‌നം തന്റെ മുന്നില്‍ വരുന്നത്. രാജ്യവ്യാപകമായി നിരോധിക്കാന്‍ കൃത്യമായ രേഖകള്‍ ആവശ്യമാണ്. അതുകൊണ്ട് ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ പഠന റിപ്പോര്‍ട്ട് വരുന്നതുവരെ കാക്കണമെന്ന് പ്രധാനന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കുശേഷമാണ് പി.കെ. ശ്രീമതിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എം.എല്‍.എമാരും കക്ഷി നേതാക്കളും അടങ്ങിയ സംഘം പ്രധാനമന്ത്രിയെ കണ്ടത്.
സര്‍വകക്ഷിസംഘത്തോട് പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് നിര്‍ഭാഗ്യകരമാണെന്നു കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ പ്രതികരിച്ചു.












Click it and Unblock the Notifications