ഇന്ദുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: തിരുവനന്തപുരം കുമാരപുരം സ്വദേശിനി ഒ.കെ. ഇന്ദു (25) തീവണ്ടിയാത്രക്കിടെ ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.
ഇന്ദുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കാന്‍ കോടിയേരി തീരുമാനിച്ചത്. ഇന്ദുവിന്റെ അച്ഛന്‍ കെ. കൃഷ്ണന്‍ നായര്‍, വല്യച്ഛന്‍ കെ. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ ചൊവ്വാഴ്ച മന്ത്രിയെ ഓഫീസില്‍ സന്ദര്‍ശിച്ച് പരാതി നല്‍കിയിരുന്നു. നിലവില്‍ റെയില്‍വേ പോലീസാണ് കേസന്വേഷിക്കുന്നത്.
കോഴിക്കോട്ടെ ക്രൈം ബ്രാഞ്ച് ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം സൂപ്രണ്ട് സി.എം. പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് തയ്യാറായിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറി കെ. ജയകുമാര്‍ പറഞ്ഞു.
നിലവില്‍ യുവതിയെ കാണാതായി എന്ന രീതിയില്‍ റെയില്‍വേ പോലീസ് ചാര്‍ജ് ചെയ്ത കേസ് ക്രൈം ബ്രാഞ്ച് വീണ്ടും രജിസ്റ്റര്‍ ചെയ്ത് ദുരൂഹമരണത്തിന്റെ വകുപ്പിലേക്കു മാറ്റേണ്ടിവരും. ഇതിനുശേഷം മാത്രമേ കേസന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിക്കുകയുള്ളൂവെന്നാണ് അറിയുന്നത്.
ഏപ്രില്‍ 24ന് രാത്രി തിരുവനന്തപുരംമംഗലാപുരം എക്‌സ്പ്രസില്‍ യാത്രചെയ്യുമ്പോഴാണ് കുമാരപുരം മോസ്‌ക് ലെയ്ന്‍ 'വൈശാഖി'ല്‍ കൃഷ്ണന്‍ നായരുടെയും ഓമനക്കുഞ്ഞമ്മയുടെയും മകളായ ഇന്ദുവിനെ കാണാതായത്. നാലാം ദിവസം ആലുവാപ്പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഇന്ദു ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമികനിഗമനത്തിലാണ് പോലീസെത്തിയിട്ടുള്ളത്.
എന്നാല്‍, തന്റെ ഏക മകള്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്ന് ആഭ്യന്തരമന്ത്രിക്കു നല്‍കിയ പരാതിയില്‍ കൃഷ്ണന്‍ നായര്‍ ചൂണ്ടിക്കാട്ടി. ഇന്ദുവിന്റെ മരണത്തില്‍ സുഭാഷിന് പങ്കുള്ളതായി സംശയമുണ്ടെന്ന് കൃഷ്ണന്‍ നായര്‍ പരാതിയില്‍ പറഞ്ഞു.












Click it and Unblock the Notifications