ലാദനെ ഒറ്റിയത് സവാഹിരിയാണെന്ന് സൗദി പത്രം

അല്‍ ക്വയ്ദയ്ക്കുള്ളില്‍ ഇരുവരും തമ്മില്‍ ശക്തമായ അധികാരവടംവലി നടന്നിരുന്നുവെന്നും അമേരിക്കന്‍ സേനയ്ക്ക് ലാദന്റെ ഒളിത്താവളം ഒറ്റുകൊടുത്തത് സവാഹിരിയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ലാദന്‍ തന്റെ ദൂതനായി നിയോഗിച്ചിരുന്നയാളെ പിന്തുടര്‍ന്നാണ് അമേരിക്കന്‍ സേന ഒളിത്താവളം കണ്ടുപിടിച്ചത്. ഈ ദൂതന്‍ സവാഹിരിയോട് അടുപ്പമുള്ളയാളായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2004ല്‍ ലാദന്‍ രോഗബാധിതനായതു മുതല്‍ സവാഹിരിയുടെ നേതൃത്വത്തില്‍ അല്‍ ക്വയ്ദയുടെ ഈജിപ്ഷ്യന്‍ വിഭാഗമാണ് സംഘടനയെ നിയന്ത്രിച്ചിരുന്നത്. അധികാരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു ലാദനെ ഒറ്റിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാദനെ ലക്ഷ്യമിട്ട് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ പിന്തുടരുന്നുണ്ടെന്നു പാക് സ്വദേശിയായ ദൂതന് അറിയാമായിരുന്നെങ്കിലും സവാഹിരിയോടു കൂറു പുലര്‍ത്തിയിരുന്ന അയാള്‍ അവഗണിക്കുകയായിരുന്നുവത്രേ.
അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖലയില്‍നിന്ന് ഒളിത്താവളം പാകിസ്താനിലെ അബോട്ടാബാദിലേക്കു മാറാന്‍ ലാദനെ നിര്‍ബന്ധിച്ചത് സവാഹിരി വിഭാഗമാണെന്നും പത്രം പറയുന്നു.. ഈജിപ്ഷ്യന്‍ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന അല്‍ ക്വയ്ദ കമാന്‍ഡറായ സൈഫ് അല്‍ അദേലാണ് ലാദനെ വകവരുത്താനുള്ള പദ്ധതി ആവിഷ്‌കരിച്ചതെന്നാണ് പത്രറിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications