കര്‍ണാടക ബിജെപി നേതാക്കള്‍ മന്‍മോഹനെ കാണും
ദില്ലി: കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ കാണാന്‍ തീരുമാനിച്ചു.
ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ കാണുക. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും പ്രധാനമന്ത്രിയെ ഇക്കാര്യം ധരിപ്പിക്കുമെന്നും ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്ത്രിതല യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരായ എസ്.എം. കൃഷ്ണ, പി. ചിദംബരം, പ്രണബ് മുഖര്‍ജി, എ.കെ.ആന്റണി എന്നിവര്‍ പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും.
ദില്ലി കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവര്‍ണറെ ഉപയോഗിക്കുകയാണെന്ന് യെഡിയൂരപ്പ ആരോപിച്ചു. സര്‍ക്കാരിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്തുമായി രാജ്ഭവനിലെത്തിയ ബിജെപി എം.എല്‍.എമാരെ കാണാന്‍പോലും ഗര്‍വര്‍ണര്‍ അനവദിച്ചില്ലലെന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോടുള്ള അവഹേളനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച്ചയാണ് യെഡിയൂരപ്പ സര്‍ക്കാര്‍ ന്യൂനപക്ഷമായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത്. സംസ്ഥാനത്ത് രാഷ്ട്രീയ സ്ഥിരതയുണ്ടാകും വരെ നിയമസഭ സസ്‌പെന്‍ഡ് ചെയ്യാനും (സസ്‌പെന്‍ഡഡ് ആനിമേഷന്‍) കേന്ദ്ര സര്‍ക്കാറിനയച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications