മുനീറിനെ എന്തു ചെയ്യണം? ലീഗിന് തലവേദന
മലപ്പുറം: പുതിയ മന്ത്രിസഭയില്‍ നാല് മന്ത്രിസ്ഥാനം ലഭിച്ച മുസ്ലീം ലീഗില്‍ പദവി പങ്കിടല്‍ സംബന്ധിച്ച് ആശയക്കുഴപ്പം. എംകെ മുനീറിന് മന്ത്രി പദവി നല്‍കണോ എന്നതു സംബന്ധിച്ച് ലീഗ്് വിഷമവൃത്തത്തിലായിരിക്കുകയാണ്.
ഇന്ത്യാവിഷന്‍ ചാനലിലെ ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മുനീറിന്റെ നിലപാട് ലീഗ് നേതൃത്വത്തില്‍ നല്ലൊരു വിഭാഗം പേരും അംഗീകരിക്കുന്നില്ല. മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുകയാണെങ്കില്‍ ചെയര്‍മാന്‍ സ്ഥാനം നിര്‍ബന്ധമായും രാജിവയ്‌ക്കേണ്ടിവരുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ മുനീറിന്റെ നിലപാട് എന്താണെന്നകാര്യം വ്യക്തമല്ല.
കഴിഞ്ഞ തവണ മന്ത്രിയായപ്പോള്‍ അദ്ദേഹം ചെയര്‍മാന്‍സ്ഥാനത്തുനിന്നു മാറിനിന്നിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഉയര്‍ന്നുവന്ന ഐസ്‌ക്രീം കേസ് വിവാദമാണ് മുനീറിന്റെ ഭാവി പ്രശ്‌നത്തിലാക്കിയത്.
ഈ പ്രശ്‌നത്തില്‍ ആദ്യം കുഞ്ഞാലിക്കുട്ടി മുനീറിനെതിരെ തിരിയുമെന്ന് തോന്നിയിരുന്നെങ്കിലും പരസ്യമായ അനിഷ്ടമൊന്നും പ്രകടിപ്പിക്കാതെ മുനീര്‍ പ്രിയപ്പെട്ടവനാണെന്ന് പറയുകയായിരുന്നു കൂഞ്ഞാലിക്കുട്ടി ചെയ്തത്. മുനീറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പ് കാണിക്കാതിരുന്ന കുഞ്ഞാലുക്കിട്ടി അദ്ദേഹത്തെ മന്ത്രിയാക്കാന്‍ തീരുമാനിച്ചാലും എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
മുനീറിനെ മന്ത്രിയാക്കുന്നതിനെതിരെ ലീഗ് നേതാക്കള്‍ രംഗത്തുണ്ടെങ്കിലും സിഎച്ച് മുഹമ്മദ് കോയയുടെ മകന് മന്ത്രിസഭയില്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ അത് പൊതുസമൂഹത്തില്‍ ലീഗിന്റെ പ്രതിച്ഛായ മോശമാക്കുമെന്ന് പറയുന്നവരും കുറവല്ല. മാത്രമല്ല രണ്ടാം ഐസ് ക്രീം കേസിന്റെ കാര്യത്തില്‍ മുനീറിനോട് പ്രതികാരം ചെയ്യുകയാണന്നും വ്യാഖ്യാനിക്കപ്പെടാം.
മുനീറിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ മറ്റു ഘടകകക്ഷികളുടെ അഭിപ്രായം ലീഗ് അനൗദ്യോഗികമായി തേടുമെന്നും സൂചനയുണ്ട്. നാല് മന്ത്രിസ്ഥാനമേ ലഭിക്കൂ എന്നുറപ്പായതോടെയാണ് മുനീറിന്റെ പ്രശ്‌നം ലീഗിന് വലിയ തലവേദനയായി മാറിയത്.












Click it and Unblock the Notifications