മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെ മകള്‍ കൊന്നു
ചെന്നൈ: മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെ മകള്‍ കുത്തിക്കൊന്നു. ചെന്നൈയിലെ കോവൂരിലാണ് സംഭവം നടന്നത്. പതിനെട്ടുകാരിയായ അഞ്ജു ജെര്‍മിന്‍ എന്ന കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ആത്മരക്ഷാര്‍ത്ഥം പിതാവിനെ കൊലപ്പെടുത്തിയത്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പിതാവ് പതിനെട്ടുകാരിയായ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. അമ്പത്തിയേഴുകാരനായ രത്്‌നാമണിയാണ് കൊല്ലപ്പെട്ടത്.
ബിപിഒ ജോലിക്കാരനായ സഹോദരന്‍ രാത്രി ജോലിക്ക് പോയ ശേഷം താന്‍ ഉറങ്ങുകയായിരുന്നു എന്നും ആ സമയത്ത് പിതാവ് തന്നെ വിളിച്ച് വെള്ളം ആവശ്യപ്പെട്ടു എന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
വെള്ളം നല്‍കിയപ്പോള്‍ രത്‌നാമണി മകളോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ കത്തി ചൂണ്ടി കീഴ്‌പ്പെടുത്താന്‍ ശ്രമം നടത്തി. ആസമയത്ത് കത്തി പിടിച്ചു വാങ്ങി കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് അഞ്ജു പറയുന്നത്.
സംഭവം കഴിഞ്ഞ ഉടന്‍ പെണ്‍കുട്ടി തന്റെ സഹോദരനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിച്ചു. രാവിലെയാണ് സഹോദരന്‍ മടങ്ങിയെത്തിയതും പൊലീസില്‍ വിവരമറിയിച്ചതും. പൊലീസ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
പെണ്‍കുട്ടി ആദ്യം പീഡന കഥ പറയാന്‍ വിസമ്മതിച്ചു എന്നും വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications