സിബിഐയുടെ മണ്ടത്തരം ഡെന്‍മാര്‍ക്കിലും

പുരുലിയ ആയുധവര്‍ഷക്കേസിലെ മുഖ്യപ്രതി കിം ഡേവിയെ വിട്ടുകിട്ടാന്‍ സിബിഐ. സംഘം ഡെന്‍മാര്‍ക്കിലേക്കു പോയത് കാലാവധി കഴിഞ്ഞ അറസ്റ്റ് വാറന്റുമായാണ്. കോപ്പന്‍ഹേഗനിലെ കോടതി നടപടികള്‍ക്കിടെ കിം ഡേവിയുടെ അഭിഭാഷകനാണു കൊല്‍ക്കത്തയിലെ സി.ബി.ഐ. കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ കാലാവധി ഈ വര്‍ഷം ജനുവരി 30ന് അവസാനിച്ചതായി ചൂണ്ടിക്കാണിച്ചതോടെ സിബിഐക്കാര്‍ നക്ഷത്രമെണ്ണി.
സിബിഐ സംഘം ഉടന്‍തന്നെ കൊല്‍ക്കത്തയിലേക്കു ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് സി.ബി.ഐ. കോടതി കിം ഡേവിക്കെതിരേ പുതിയ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇതിന്റെ പതിപ്പ് ഫാക്‌സ് ചെയ്തും അസ്സല്‍ അയച്ചുകൊടുത്തുമാണ് സിബിഐക്കാര്‍ തലയൂരിയത്.
കോടതിയില്‍ വാദം പുനരാരംഭിക്കുമ്പോള്‍ പുതിയ വാറന്റ് ഹാജരാക്കുമെന്നു സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. കിം ഡേവിയെ വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങളില്‍ പറ്റിയ വീഴ്ചയെ ബി.ജെ.പി. രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തിനുതന്നെ അപമാനകരമായ സംഭവമാണിതെന്നും കേന്ദ്രസര്‍ക്കാര്‍ മാത്രമാണ് ഇതിന് ഉത്തരവാദിയെന്നും പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു.
കഴിഞ്ഞ ദിവസം പാകിസ്താനു കൈമാറിയ വിട്ടുകിട്ടേണ്ട 50 കുറ്റവാളികളുടെ പട്ടികയില്‍ മുംബൈയില്‍തന്നെയുള്ള വസൂല്‍ കൂമാര്‍ ഖാന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതു മുംബൈ പോലീസിനും രഹസ്യാന്വേഷണവിഭാഗത്തിനും പറ്റിയ തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് സമ്മതിയ്‌ക്കേണ്ടതായും വന്നു.












Click it and Unblock the Notifications